
ജയ്പൂർ: ഐപിഎല്‍ 2024ലെ ആദ്യ 'റോയല്‍' പോരില്‍ സെഞ്ചുറിയുമായി കിംഗ് കോലി കളംവാണെങ്കിലും 200 എത്താന്‍ സമ്മതിക്കാതെ രാജസ്ഥാന്‍ റോയല്‍സ്. സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ അങ്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആർസിബി നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് എടുത്തത്. പേസർമാർ തുടക്കത്തിലെ അടി വാങ്ങിയപ്പോള്‍ സ്പിന്നർമാരെ ഇറക്കിയുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തന്ത്രമാണ് 200 അനായാസം കടക്കേണ്ടിയിരുന്ന ബെംഗളൂരുവിന് തടയിട്ടത്. എട്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ കോലി 72 പന്തില്‍ 113* റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ രണ്ടോവറില്‍ 26 വഴങ്ങിയ പേസർ ആന്ദ്രേ ബർഗർ അടുത്ത രണ്ടോവറില്‍ എട്ട് മാത്രം വിട്ടുകൊടുത്തതും നിർണായകമായി.
വിരാട് കോലി തുടക്കത്തിലെ തകർത്തടിച്ചപ്പോള്‍ ഗംഭീര തുടക്കമാണ് എതിരാളികളുടെ തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത്. ട്രെന്‍ഡ് ബോള്‍ട്ടും നാന്ദ്രേ ബർഗറും പന്തെറിഞ്ഞ ആദ്യ നാലോവറില്‍ ആർസിബി 42 റണ്‍സ് അടിച്ചു. ബർഗറിനെ രണ്ടോവറില്‍ 26 റണ്‍സിന് ശിക്ഷിച്ച് കോലിയും ഫാഫും നയം വ്യക്തമാക്കി. ഇതിന് ശേഷം അഞ്ചാം ഓവറില്‍ സ്പിന്നർ ആർ അശ്വിനെയും ആറാം ഓവറില്‍ പേസർ ആവേഷ് ഖാനെയും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പന്തെറിയാന്‍ വിളിച്ചപ്പോഴാണ് റണ്ണൊഴുക്ക് കുറഞ്ഞത്. പവർപ്ലേ പൂർത്തിയാകുമ്പോള്‍ ബെംഗളൂരുവിന്‍റെ സ്കോർ 53-0. ഈ സീസണില്‍ പവർപ്ലേയില്‍ ആദ്യമായി ബോള്‍ട്ടിന് വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം ഇതാദ്യമായാണ് ആർസിബി ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താത്തത്.
ക്രീസിലുറച്ച വിരാട് കോലിയും ഫാഫ് ഡുപ്ലസിസും 12-ാം ഓവറിലെ രണ്ടാം പന്തില്‍ ബെംഗളൂരുവിനെ 100 കടത്തി. പിന്നാലെ ഫാഫിനെ പുറത്താക്കാനുള്ള നിസാര ക്യാച്ച് യൂസ്‍വേന്ദ്ര ചഹലിന്‍റെ പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് കൈവിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഫാഫിനെ ജോസ് ബട്‍ലറുടെ കൈകളിലാക്കി ചാഹല്‍ ആദ്യ ബ്രേക്ക് ത്രൂ ടീമിന് നല്‍കി. 33 പന്തില്‍ 44 റണ്‍സുമായി ഫാഫ് ഡുപ്ലസിസ് പുറത്താകുമ്പോള്‍ ആർസിബി സ്കോർ 14 ഓവറില്‍ 125-1. മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‍വെല്ലിന്‍റെ (3 പന്തില്‍ 1) സ്റ്റംപ് പിഴുത് തൊട്ടടുത്ത ഓവറില്‍ ബർഗർ ആദ്യ ഓവറുകളിലെ പ്രഹരത്തിന് പകരംവീട്ടി. ഇതിന് ശേഷം അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ (6 പന്തില്‍ 9) ചഹല്‍ മടക്കിയതും വഴിത്തിരിവായി. എങ്കിലും കോലി 67 ബോളില്‍ എട്ടാം ഐപിഎല്‍ സെഞ്ചുറിയിലെത്തി. 20 ഓവറും തീരുമ്പോള്‍ വിരാട് കോലിയും (72 പന്തില്‍ 113*), കാമറൂണ്‍ ഗ്രീനും (6 പന്തില്‍* 5) പുറത്താവാതെ നിന്നു.
Read more: രാജസ്ഥാനെ പഞ്ഞിക്കിട്ട് കോലി, പവർപ്ലേ പവർ, തന്ത്രം പിഴച്ച് സഞ്ജു സാംസണ്‍; റോയല്‍ തുടക്കം ആർസിബിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!