
ലക്‌നൗ: ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പഞ്ചാബിന് ജയം അനിവാര്യമാണ്. ലക്‌നൗവിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് നേരത്തെ പുറത്തായ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിറങ്ങുന്നത് ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ്.
ആദ്യ ആറ് കളിയും ജയിച്ചപ്പോൾ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ചവർ ഏറെ. എന്നാല്‍ അവസാന ആറ് കളിയിൽ തുടരെ തോറ്റപ്പോൾ പഞ്ചാബിന്‍റെ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍ക്കുകയായിരുന്നു. നേരത്തേ പുറത്തായിക്കഴിഞ്ഞ ലക്‌നൗ സൂപ്പർ ജയന്‍റ്‌സിനെ തോൽപിച്ചാലും പഞ്ചാബിന് പ്ലേ ഓഫിൽ എത്തണമെങ്കിൽ രാജസ്ഥാൻ- മുംബൈ, കൊൽക്കത്ത- ഡൽഹി മത്സരഫലങ്ങളും അനുകൂലമാവണം. രാജസ്ഥാൻ റോയൽസ് മുംബൈയെ തോൽപിച്ചാൽ പഞ്ചാബിന് മടങ്ങാം. രാജസ്ഥാനും കൊൽക്കത്തയും തോറ്റാലേ പഞ്ചാബിന് പ്രതീക്ഷയുള്ളൂ.
പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, കൂപ്പർ കൊണോളി ത്രയം തുടക്കത്തിലെ മികവ് പിന്നീട് തുടരാതിരുന്നത് പഞ്ചാബ് കിംഗ്‌സിന് തിരിച്ചടിയായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഫോമിൽ പ്രതീക്ഷവയ്‌ക്കാം. ബൗളർമാർ മൂർച്ച വീണ്ടെടുക്കുന്നതിന് ഒപ്പം ഫീൽഡർമാരുടെ കൈകൾ ചോരുന്നതും പരിഹരിക്കണം കോച്ച് റിക്കി പോണ്ടിംഗിന്.
ഒൻപത് കളിയും തോറ്റ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇറങ്ങുന്നത് ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ്. മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും നിക്കോളാസ് പുരാനും ഫോമിലേക്ക് എത്തിയത് പഞ്ചാബിന്‍റെ നെഞ്ചിടിപ്പ് കൂട്ടും. സീസണിൽ ഒറ്റ അർധസെഞ്ച്വറി മാത്രം നേടിയ ക്യാപ്റ്റൻ റിഷഭ് പന്തിനും തല ഉയർത്താനുളള അവസരമാണ് ഇന്നത്തെ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!