
മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് തിരിച്ചടി. പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുകയാണ്. പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 436 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സോടെ ബാബാ അപരാജിതും 19 റണ്‍സോടെ അഹമ്മദ് ഇമ്രാനും ക്രീസില്‍. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനിയും 189 റണ്‍സ് കൂടി വേണം.
പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബാബാ അപരാജിത്- അഹമ്മദ് ഇമ്രാന്‍ സഖ്യത്തിലാണ് നാലാം ദിനം കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ. അക്ഷയ് ചന്ദ്രനും എം ഡി നിധീഷും ഷോണ്‍ റോജറുമാണ് ഇനി കേരളത്തിനായി ബാറ്റിംഗിന് ഇറങ്ങാനുള്ളത്. 62 റണ്‍സെടുത്ത അങ്കിത് ശര്‍മയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. കേരളത്തിനായി രോഹന്‍ കുന്നമ്മല്‍ 43ഉം സച്ചിന്‍ ബേബി 36ഉം റണ്‍സെടുത്തപ്പോള്‍ 13 റണ്‍സെടുത്ത ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ നിരാശപ്പെടുത്തി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ക്രീസിലിറങ്ങിയത്. എന്‍ പി ബേസിലിന്‍റെ (4) വിക്കറ്റ് ഇന്നലെ നഷ്ടമായ കേരളത്തെ അങ്കിത് ശര്‍മയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് 50 കടത്തി. സ്കോര്‍ 58ല്‍ നില്‍ക്കെ വസ്തല്‍ ഗോവിന്ദിനെ(18) മടക്കി നമാൻ ധിര്‍ കൂട്ടുകെട്ട് പൊളിച്ചു. രോഹന്‍ കുന്നുമ്മലിനൊപ്പം കേരളത്തിന് പ്രതീക്ഷ നല്‍കിയ അങ്കിത് ശര്‍മ കേരളത്തെ 100 കടത്തി. സ്കോര്‍ 127ല്‍ നില്‍ക്കെ അങ്കിത് ശര്‍മയെ വീഴ്ത്തിയ രമണ്‍ദീപ് സിംഗാണ് പഞ്ചാബിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ 150 കടത്തിയെങ്കിലും നിലയുറപ്പിച്ച രോഹനെ മായങ്ക് മാര്‍ക്കണ്ഡെ വീഴ്ത്തി.
പിന്നാലെ സച്ചിന്‍ ബേബി നമാന്‍ ധിറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മുഹമ്മദ് അസറുദ്ദീന്‍ കൂടി വീണതോടെ 199-6 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ബാബാ അപരാജിത്-അഹമ്മദ് ഇമ്രാൻ സഖ്യമാണ് 250ന് അടുത്തെത്തിച്ചത്. പഞ്ചാബിനായി കൃഷ് ഭഗത്തും നമാന്‍ ധിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങേണ്ടിവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!