Asianet News MalayalamAsianet News Malayalam

SA vs IND : രാഹുലും കോലിയും രണ്ടുതട്ടില്‍; ടീം ഇന്ത്യയില്‍ രണ്ട് ഗ്രൂപ്പുകളെന്ന ആരോപണവുമായി കനേറിയ

ഡാനിഷ് കനേറിയയാണ് ടീം ഇന്ത്യയില്‍ രാഹുല്‍-കോലി ഗ്രൂപ്പുകളെന്ന ആരോപണവുമായി രംഗത്തെത്തിയത് 

South Africa vs India Danish Kaneria feels Indian dressing room divided under KL Rahul Virat Kohli
Author
Paarl, First Published Jan 21, 2022, 1:48 PM IST

പാള്‍: വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ്മ (Rohit Sharma) എന്നതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ (Team India) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേട്ടിരുന്ന ഉള്‍പ്പോര്. എന്നാല്‍ നിലവിലെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും (KL Rahul) മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഭിന്നതയുണ്ടെന്നും രണ്ട് ഗ്രൂപ്പുകളായി ഇവര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ് ഇന്ത്യന്‍ ടീം എന്നുമുള്ള പുതിയ ആരോപണമാണ് ഇപ്പോഴത്തെ ചര്‍ച്ച. പാകിസ്ഥാന്‍ മുന്‍താരം ഡാനിഷ് കനേറിയയാണ് (Danish Kaneria) ടീം ഇന്ത്യയില്‍ രാഹുല്‍-കോലി ഗ്രൂപ്പുകളെന്ന ആരോപണത്തിന് പിന്നില്‍. 

കനേറിയയുടെ ആരോപണങ്ങള്‍

'ഇന്ത്യന്‍ ഡ്രസിംഗ് റൂം രണ്ടായി തിരിഞ്ഞതായി കാണാം. കെ എല്‍ രാഹുലും വിരാട് കോലിയും രണ്ടുഭാഗത്തിരിക്കുന്നു. ക്യാപ്റ്റനായിരിക്കുമ്പോഴുള്ള അതേ മൂഡിലല്ല കോലിയെ കാണുന്നത്. എന്നാല്‍ അദേഹമൊരു ടീം മാനാണ്. ശക്തമായി തിരിച്ചെത്തും' എന്നും കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ടീം ഇന്ത്യയിലെ ക്യാപ്റ്റന്‍സി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡാനിഷ് കനേറിയ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ലോകകപ്പോടെ ടി20 നായകസ്ഥാനമൊഴിഞ്ഞ കോലിയെ പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കൊടുവില്‍ ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്നും കോലി ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചുവെച്ചു. രോഹിത് ശര്‍മ്മയാണ് വൈറ്റ് ബോള്‍ നായകനെങ്കിലും അദേഹത്തിന് പരിക്കേറ്റതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. 

നായകനായി സ്വപ്‌ന തുടക്കമല്ല കെ എല്‍ രാഹുലിന് ലഭിച്ചത്. രാഹുല്‍ നായകനായുള്ള ആദ്യ ഏകദിനത്തില്‍ പ്രോട്ടീസിനെതിരെ 31 റണ്‍സിന്‍റെ തോല്‍വി ടീം ഇന്ത്യ നേരിട്ടിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ രണ്ടാം ഏകദിനം ഇന്ന് നടക്കും. നേരത്തെ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തില്‍ ടീമിനെ രാഹുല്‍ നയിച്ചപ്പോഴും തോല്‍വിയായിരുന്നു ഫലം. ബാറ്റിംഗില്‍ പരാജയപ്പെടുന്നതിനൊപ്പമാണ് രാഹുലിന് ക്യാപ്റ്റന്‍സി തലവേദന. അതേസമയം തന്‍റെ സെഞ്ചുറി വരള്‍ച്ചയ്‌ക്ക് അറുതിവരുത്താന്‍ കോലിക്കുമാകുന്നില്ല. 

SA vs IND : പരിചയസമ്പത്ത് വിപണിയില്‍ വാങ്ങാനാവില്ല; യുവതാരത്തിന് അവസരം നല്‍കണമെന്ന് സഹീര്‍ ഖാന്‍

Follow Us:
Download App:
  • android
  • ios