
ദുബായ്: ടീമിന്റെ ഊര്‍ജം മുഴുവന്‍ ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിനായി മാറ്റിവച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റല്‍ സല്‍മാന്‍ അഗ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ഒരു പോരാട്ടത്തില്‍ കാര്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫൈനലിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
മത്സരത്തിന് മുമ്പ് അഗ പറഞ്ഞതിങ്ങനെ... ''പാകിസ്ഥാനും ഇന്ത്യയും പരസ്പരം കളിക്കുമ്പോള്‍ എപ്പോഴും വലിയ സമ്മര്‍ദ്ദമുണ്ടാകും. സമ്മര്‍ദ്ദമില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. രണ്ട് ടീമുകള്‍ക്കും ഒരേ അളവിലുള്ള സമ്മര്‍ദ്ദമായിരിക്കും. ഞങ്ങള്‍ അവരേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ മത്സരങ്ങള്‍ ജയിക്കാത്തത്. അവരേക്കാള്‍ കുറച്ച് തെറ്റുകള്‍ വരുത്തിയാല്‍ ഞങ്ങള്‍ വിജയിക്കും. ഏത് ടീം കുറച്ച് തെറ്റുകള്‍ വരുത്തുന്നുവോ അവര്‍ വിജയിക്കും.'' അഗ വ്യക്തമാക്കി.
അഗ തുടര്‍ന്നു... ''നാളെ ഞങ്ങള്‍ ജയിക്കുന്നത് നിങ്ങള്‍ കാണും. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. 40 ഓവറുകളില്‍ ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്താല്‍, ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും.'' അഗ പറഞ്ഞു.
അതേസമയം, ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ കടുത്ത ആത്മവിശ്വാസത്തിലാണ്. കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചു. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതുതന്നെയായിരുന്നു ഇന്ത്യയുടെ കടുപ്പമേറിയ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുവശത്ത്, പാകിസ്ഥാനാണ് സമ്മര്‍ദ്ദം മുഴുവന്‍. ഇന്ത്യയോടേറ്റ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടാനാണ് പാകിസ്ഥാന്‍ ശ്രമിക്കുക.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.