
മെല്‍ബൺ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധികൾക്ക് പിന്നിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആഖിബ് ജാവേദാണെന്ന ഗുരുതര ആരോപണവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലെസ്പി. ആഖിബ് ജാവേദ് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം പാകിസ്ഥാൻ ക്രിക്കറ്റ് പിന്നോട്ട് മാത്രമേ പോകൂ എന്ന് മുൻ ഓസ്ട്രേലിയൻ പേസർ കൂടിയായ ഗില്ലെസ്പി തുറന്നടിച്ചു.
പാകിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് നെഞ്ചുതകരുന്നു. കാര്യങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഇതിന്റെ പ്രധാന കാരണം ആഖിബ് ജാവേദാണ്. അദ്ദേഹം അവിടെയുള്ളിടത്തോളം കാലം പാകിസ്ഥാൻ ക്രിക്കറ്റിന് പുരോഗതിയുണ്ടാവില്ലെന്നും ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഗില്ലെസ്പി പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ നയിക്കാൻ കായികരംഗത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള വ്യക്തികൾ വേണമെന്ന് ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
ടീം സെലക്ഷനിലും നായകനെ തിരഞ്ഞെടുക്കുന്നതിലും പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‌വി ഇടപെടുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യോഗ്യരായ പരിശീലകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും നായകനെ തിരഞ്ഞെടുക്കാനും അവസരം നൽകിയാൽ മാത്രമേ പാകിസ്ഥാൻ ക്രിക്കറ്റിന് മുന്നോട്ട് പോകാനാകൂ എന്ന് ഗില്ലെസ്പി വ്യക്തമാക്കി. പരിശീലകനായിരുന്ന കാലയളവിൽ ബോർഡിൽ നിന്നും ആഖിബ് ജാവേദിൽ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും ഗില്ലെസ്പി മനസ്സുതുറന്നു.
പരിശീലകനെന്ന നിലയിൽ തന്‍റെ അധികാരങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുകയും വകവെച്ചു തരാതിരിക്കുകയും ചെയ്തു. തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് ആഖിബ് തീരുമാനങ്ങൾ എടുത്തിരുന്നത്. പി.സി.ബി ചെയർമാന്‍റെ പിന്തുണയുള്ളതിനാൽ താൻ ആരുടെയും നിയന്ത്രണത്തിലല്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്നും, ആത്മാഭിമാനമുള്ള ആർക്കും ഇത്തരം അന്തരീക്ഷത്തിൽ പ്രവർത്തിക്കാനാകില്ലെന്നും ഗില്ലെസ്പി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!