രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും, മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.
മുംബൈ: ജൂനിയർ ക്രിക്കറ്റിൽ ജനന തീയതി തിരുത്തി പ്രായ തട്ടിപ്പ് കാണിച്ചവര്‍ക്കെതിരെ കർശന നടപടിയുമായി ബിസിസിഐ. പ്രായത്തിൽ ക്രമക്കേട് കാട്ടിയതിനെ തുടർന്ന് അണ്ടർ-19 ഇന്ത്യൻ ടീമിൽ നിന്ന് ലെഗ് സ്പിന്നർ രോഹിത് യാദവിനെ പുറത്താക്കി. രാജകോട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽ നിന്നാണ് രോഹിത്തിനെ ഒഴിവാക്കിയത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ പ്രായപരിശോധന വിഭാഗവും നടത്തിയ സംയുക്ത രേഖ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിവിധ ഔദ്യോഗിക രേഖകളിൽ വ്യത്യസ്ത ജനനത്തീയതികളാണ് രോഹിത് സമർപ്പിച്ചിരുന്നത്. ആധാർ കാർഡിൽ 2006 മുതൽ 2010 വരെയുള്ള വിവിധ വർഷങ്ങൾ പലതവണ തിരുത്തിയതായി പരിശോധനയിൽ കണ്ടെത്തി. അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അണ്ടർ-19 ടീമിനായി ആറ് വിക്കറ്റ് വീഴ്ത്തിയ താരമാണ് രോഹിത് യാദവ്. തട്ടിപ്പ് തെളിഞ്ഞതോടെ ബി.സി.സി.ഐ അംഗീകൃത മത്സരങ്ങളിൽ നിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും, മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീം ടീം: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), യാഷ് വർദ്ധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനാൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യാഷ്വീർ, ഷാവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ, ആര്യൻ സവ്സാനി.
മൾട്ടി-ഡേ പരമ്പരയ്ക്കുള്ള ടീം: യാഷ് വർദ്ധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനാൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാംശു സിംഗ്, മോഹിത് ഉൽവ, ആര്യൻ യാദവ്, തന്മയ് ബലോഡ.
