ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും

Published : Feb 01, 2026, 08:56 PM IST
India vs Pakistan Asia Cup 2025

Synopsis

ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കില്ലെന്നും ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ക്കെതരിരെ കളിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട പോരാട്ടത്തിൽ നിന്ന് പാക് ടീം വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.

അതേസമയം, ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കില്ലെന്നും ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ക്കെതരിരെ കളിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ടീം നാളെ ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയോടുള്ള പ്രതിഷേധമായാണ് പാകിസ്ഥാന്‍റെ നീക്കം.

ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകുന്നു. എന്നാൽ 2026 ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പാക് ടീം കളിക്കളത്തിൽ ഇറങ്ങുന്നതല്ല എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍രെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയന്‍റുകൾ ലഭിക്കും. സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാന്‍റെ നിലപാട് എന്തായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഏഷ്യ കപ്പിലെ സംഘർഷങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു ടീമുകളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ കാരണങ്ങളാൽ ഒരു രാജ്യം ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുന്നത് ഐസിസി ഗൗരവമായാണ് കാണുന്നത്. പാകിസ്ഥാനെതിരെ ഐസിസി കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.

സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്നത്. ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍റേറ്റില്‍ ഇനി ഇന്ത്യയെ മറികടക്കാനാവില്ല, പാകിസ്ഥാൻ പുറത്താകുമെന്ന് ഉറപ്പാക്കി അണ്ടര്‍ 19 ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ
'കനലടങ്ങിയിട്ടില്ല', പാക് നായകനെ മൈതാനമധ്യത്തില്‍ അവഗണിച്ച് ആയുഷ് മാത്രെ; അണ്ടർ 19 ലോകകപ്പിൽ ടോസിനിടെ നാടകീയ രംഗങ്ങൾ