ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. അഞ്ചിന് 90 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ, സോനല്‍ ദിനുഷ-നിരോഷന്‍ ഡിക്ക്‌വെല്ല സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഗാലെ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയര്‍ മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 214 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 462നെതിരെ അവര്‍ ഇപ്പോള്‍ 248 റണ്‍സ് പിറകിലാണ്. സോനല്‍ ദിനുഷ (62), നിരോഷന്‍ ഡിക്ക്‌വെല്ല (71) എന്നിവരാണ് ക്രീസില്‍. മാനവ് സുതര്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റെടുത്തു. നേരത്തെ, 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാലും കേഷര നുവാന്ത മൂന്നും വിക്കറ്റ് വീഴ്ത്തി.

രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലിന് (4) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സുതറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. വൈകാതെ ലാഹിരു ഉഡാരയേയും (27) സുതര്‍ മടക്കി. കാമിന്ദു മെന്‍ഡിസിനെ (14) കുല്‍ദീപ് യാദവും ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക പ്രതിരോധത്തിലാവുകയായിരുന്നു. എന്നാല്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം ഇതുവരെ 124 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

ഇന്ത്യയുടെ ആധിപത്യം

ഒമ്പതിന് 460 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗിനെത്തിയത്. എന്നാല്‍ രണ്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പ്രസിദ്ധ് കൃഷ്ണയുടെ (2) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. കുല്‍ദീപ് യാദവ് (13) പുറത്താവാതെ നിന്നു. രണ്ടാം ദിനം റിഷഭ് പന്തിന്റെ (39) വിക്കറ്റാണ് ആദ്യ നഷ്ടമാകുന്നത്. നുവാന്തയുടെ പന്തില്‍ സോനല്‍ ദിനുഷ ക്യാച്ചെടുക്കുകയായിരുന്നു. ആദ്യ ദിനം പരിക്കേറ്റ റിട്ടയേര്‍ഡ് ഹര്‍ട്ടായ കെ എല്‍ രാഹുലാണ് പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ രാഹുലിന് സാധിച്ചില്ല. നുവാന്തയ്ക്ക് വിക്കറ്റ് നല്‍കി. വൈകാതെ ദേവ്ദത്തിനെ, ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 230 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 15 ഫോറും നേടിയിരുന്നു. തുടര്‍ന്ന് ജുറലിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് ആശ്വാസമായത്. ജുറലിന് പുറമെ രവീന്ദ്ര ജഡേജ (13), മാനവ് സുതര്‍ (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.യശസ്വി ജയ്സ്വാള്‍ (32), ശുഭ്മാന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, മാനവ് സുത്താര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക: ലഹിരു ഉഡാര, നിഷാന്‍ ഫെര്‍ണാണ്ടോ, ദിനേഷ് ചണ്ഡിമാല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശര നുവാന്‍ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

YouTube video player