
മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം തിരിച്ചടിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിനെത്തിയ കേരളത്തിന് പഞ്ചാബിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചു. സെഞ്ചുറി നേടിയ ഹര്‍നൂര്‍ സിംഗ് (പുറത്താവാതെ 126) ക്രീസിലുള്ളത് മാത്രമാണ് കേരളത്തിന്റെ വെല്ലുവിളി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തിട്ടുണ്ട്. ഹര്‍നൂറിനൊപ്പം കൃഷ് ഭഗതാണ് (2) ക്രീസില്‍. കേരളത്തിന് വേണ്ടി ബാബ അപരാജിത്, എന്‍ പി ബേസില്‍, അങ്കിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ നമന്‍ ധിര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ഒന്നാം വിക്കറ്റില്‍ ഹര്‍നൂര്‍ - പ്രഭ്‌സിമ്രാന്‍ (23) സഖ്യം 52 റണ്‍സ് ചേര്‍ത്ത് അടിത്തറയിട്ടിരുന്നു. പ്രഭ്‌സിമ്രാനെ ബൗള്‍ഡാക്കി അപരാജിതാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഉദയ് സഹാരണ്‍ (37) - ഹര്‍നൂര്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഉദയ് സഹാരണിനെ ബൗള്‍ഡാക്കി അങ്കിത് ശര്‍മ കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അന്‍മോല്‍പ്രീത് സിംഗ് (1), നമന്‍ ധിര്‍ (1), രമണ്‍ദീപ് സിംഗ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 162 എന്ന നിലയിലായി പഞ്ചാബ്.
എന്നാല്‍ ഏഴാം വിക്കറ്റില്‍ സലില്‍ അറോയ്‌ക്കൊപ്പം 74 റണ്‍സ് ചേര്‍ക്കാന്‍ ഹര്‍നൂറിന് സാധിച്ചു. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലിലിനെ അപരാജിത് പുറത്താക്കിയതോടെ നേരിയ മുന്‍തൂക്കം നേടാന്‍ കേരളത്തിന് കഴിഞ്ഞു. പിന്നീട് ഭഗത് - ഹര്‍നൂര്‍ സഖ്യം മറ്റൊരു വിക്കറ്റ് കൂടി പോവാതെ കാത്തു. ഇതുവരെ 259 പന്തുകള്‍ നേരിട്ട ഹര്‍നൂര്‍ 11 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും ടീമിലുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
കേരളം: മുഹമ്മദ് അസറുദ്ദീന്‍(ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.
പഞ്ചാബ്: പ്രഭ്സിമ്രാന്‍ സിംഗ്, ഉദയ് സഹാറന്‍, അന്‍മോല്‍പ്രീത് സിംഗ്, നമന്‍ ധിര്‍(ക്യാപ്റ്റന്‍), ഹര്‍ണൂര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സലില്‍ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയല്‍, മായങ്ക് മാര്‍ക്കണ്ഡെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!