
മെല്‍ബണ്‍: മോശം ഫോമില്‍ തുടരുന്ന വിരാട് കോലിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും പരാജയപ്പെട്ടതോടെ കോലിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും പകരം ദീപക് ഹൂഡയെപോലെ ഫോമിലുള്ള കളിക്കാര്‍ക്ക് അവസരം നല്‍കണമെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്.
വിരാട് കോലിയില്ലാത്ത ഇന്ത്യന്‍ ടീമിനെക്കാള്‍ ഭയക്കേണ്ടത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെയാണെന്ന് പോണ്ടിംഗ് പറഞ്ഞു. കോലിക്ക് ഇനിയും കളിയില്‍ പ്രഭാവമുണ്ടാക്കാനാവുമെന്നും എതിരാളികള്‍ കോലിയുള്ള ഇന്ത്യന്‍ ടീമിനെയാണ് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടതെന്നും ഐസിസി പ്രതിമാസ വിശകലനത്തില്‍ പോണ്ടിംഗ് പറഞ്ഞു.
എതിര്‍ ക്യാപ്റ്റനെന്ന നിലക്കോ, എതിര്‍ ടീമിലെ കളിക്കാരനെന്ന നിലക്കോ പറയുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ഭയക്കുക കോലിയുള്ള ഇന്ത്യന്‍ ടീമിനെയാണ്. കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടെന്ന് അറിയാം. പക്ഷെ, ക്രിക്കറ്റിലെ മഹാന്‍മാരായ കളിക്കാരെല്ലാം ഒരുഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. അത് ബൗളറായാലും ബാറ്ററായാലും ഒരുപോലെയാണ്. പക്ഷെ ഇത്തരം ഘട്ടങ്ങള്‍ മറികടക്കാന്‍ അവര്‍ക്കെല്ലാം കഴിഞ്ഞിട്ടുമുണ്ട്.കോലിക്കും അതിന് കഴിയും. കുറച്ചു സമയം കൂടി കാത്തിരിക്കേണ്ട കാര്യമേ അതിനുള്ളൂവെന്നും പോണ്ടിംഗ് പറഞ്ഞു.
ടി20 ലോകകപ്പില്‍ നിന്ന് കോലിയെ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ പിന്നീട് കോലിക്കൊരും തിരിച്ചുവരവുണ്ടാവില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ലോകകപ്പ് ടീമില്‍ നിന്ന് കോലിയെ ഒഴിവാക്കുകയും പകരം വരുന്ന കളിക്കാരന്‍ തിളങ്ങുകയും ചെയ്താല്‍ പിന്നീട് ഒരു തിരിച്ചുവരവ് കോലിക്ക് ബുദ്ധിമുട്ടായിരിക്കും. ഞാനായിരുന്നു ഇന്ത്യയുടെ പരിശീലകനോ ക്യാപ്റ്റനോ എങ്കില്‍ കോലിയില്‍ നിന്ന് മികച്ച പ്രകടനം നടത്താന്‍ പരമാവധി ശ്രമിക്കും. കാരണം ഫോമിലുള്ള കോലി എത്രയോ നല്ല ബാറ്ററാണ്.
ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോലിക്കും തിരിച്ചടി
അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ടോപ് ഓര്‍ഡറില്‍ കോലിക്കൊരു സ്ഥാനം കണ്ടെത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണം. ആ സ്ഥാനത്ത് ടൂര്‍ണമെന്‍റില്‍ മുഴുവന്‍ കളിക്കാനും അവസരം നല്‍കണം. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ റണ്‍സ് കണ്ടെത്താനായാല്‍ ടൂര്‍ണമെന്‍റ് കഴിയുമ്പോഴേക്കും പഴയ കോലിയെ തിരിച്ചു കിട്ടും. ട20 ലോകകപ്പ് ടീമിലെടുത്ത് ആദ്യ മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കാതിരിക്കരുതെന്നും പോണ്ടിംഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!