Asianet News MalayalamAsianet News Malayalam

ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോലിക്കും തിരിച്ചടി

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ചാഹല്‍ ഏഴ് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യ ആറ് വിക്കറ്റും 100 റണ്‍സും നേടി തിളങ്ങിയിരുന്നു.

Jasprit Bumrah loses no.1 spot in ICC ODI rankings; Virat Kohli slide
Author
Dubai - United Arab Emirates, First Published Jul 20, 2022, 5:23 PM IST

ദുബായ്: ഇംഗ്ലണ്ടിനെതിരായ (ENGvIND) ഏകദിന പരമ്പര സ്വന്തമാക്കിയെങ്ഗിലും ഐസിസി ഏകദിന റാങ്കിംഗില്‍  (ICC ODI Ranking) ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ബുമ്രക്ക് അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ബാറ്റിംഗ് റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് കയറി.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ചാഹല്‍ ഏഴ് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യ ആറ് വിക്കറ്റും 100 റണ്‍സും നേടി തിളങ്ങിയിരുന്നു. അതേസമയം, ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ നാലു സ്ഥാനം താഴേക്കിറങ്ങി ആദ്യ 10ല്‍ നിന്ന് പുറത്തായി.

രോഹിത് ശര്‍മയ്ക്ക് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കും? ഭാവി നായകനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ റിഷഭ് പന്ത് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52-ാം സ്ഥാനത്തെത്തിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് റാങ്കിംഗില്‍ 42-ാമതാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ഡസ്സന്‍ മൂന്നാം സഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാന്‍റെ ഇമാമുള്‍ ഹഖാണ് രണ്ടാം സ്ഥാനത്ത്.

Follow Us:
Download App:
  • android
  • ios