ഇറക്കിവിടാനായില്ല, അഫ്രീദിയും ഉമര്‍ ഗുല്ലും ക്ഷണിക്കാതെ എത്തിയതെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ

Published : May 31, 2025, 08:12 PM IST
ഇറക്കിവിടാനായില്ല, അഫ്രീദിയും ഉമര്‍ ഗുല്ലും ക്ഷണിക്കാതെ എത്തിയതെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ

Synopsis

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ കഴിഞ്ഞ ഞായറാഴ്ച ദുബായിൽ വെച്ച് നടത്തിയ ഓര്‍മ്മചുവടുകള്‍ എന്ന നൃത്ത പരിപാടിയിൽ അഫ്രീദിയും ഉമര്‍ ഗുല്ലും പങ്കെടുക്കുകയും വേദിയിലെത്തി ഡാന്‍സ് കളിക്കുകയും  ചെയ്തതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു.

ദില്ലി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ക്ഷണിക്കാതെയാണ് പരിപാടിക്ക് എത്തിയതെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ(കുബ്ബ). ക്ഷണിക്കാതെ വന്നവരെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തിയ ഇരുവരെയും ആ സമയം ഇറക്കിവിടാന്‍ കഴിഞ്ഞില്ലെന്നും സംഘാടനത്തില്‍ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇരുവരും വേദിയിലെത്തിയത് അപ്രതീക്ഷിതമായിരുന്നു. പരിപാടി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വേദിയിലേക്ക് വന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ അസോസിയേഷന്‍ വ്യക്തമാക്കി.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ കഴിഞ്ഞ ഞായറാഴ്ച ദുബായിൽ വെച്ച് നടത്തിയ ഓര്‍മ്മചുവടുകള്‍ എന്ന നൃത്ത പരിപാടിയിൽ അഫ്രീദിയും ഉമര്‍ ഗുല്ലും പങ്കെടുക്കുകയും വേദിയിലെത്തി ഡാന്‍സ് കളിക്കുകയും  ചെയ്തതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു. അഫ്രീദിയെ വേദിയില്‍ കണ്ടതോടെ ബൂം ബൂം എന്ന് ആര്‍ത്തുവിളിച്ച കാണികളോട് ഇപ്പോള്‍ ബൂം ബൂം ആയില്ലേ എന്ന് അഫ്രീദി തിരിച്ചു ചോദിക്കുന്നതും വീഡിയോയിലുണ്ട്.

കൈയടയാളങ്ങളുള്ള ഏറ്റവും വലിയ യുഎഇ പതാകയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനായി നടത്തിയ പരിപാടിയുടെ ഭാഗമായാണ് അഫ്രീദിയും ഉമര്‍ ഗുല്ലും കുസാറ്റിന്‍റെ പരിപാടി നടന്ന മെയ് 25ന്, അതേ വേദിയിലെത്തിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. 2025 മെയ് 27 ന് പ്രസിദ്ധീകരിച്ച യുഎഇ പത്രമായ ഗൾഫ് ന്യൂസ് ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ പ്രധാന കവാടത്തിലും യുഎഇ പതാക പ്രദർശിപ്പിച്ചിരുന്നു. ഞങ്ങളുടെ പരിപാടി അവസാനിക്കാറായപ്പോൾ, അഫ്രീദിയും ഉമര്‍ ഗുല്ലും അതേ ഓഡിറ്റോറിയത്തിൽ നടന്ന ഞങ്ങളുടെ പരിപാടിയിൽ മുൻകൂട്ടി അറിയിക്കാതെയും ആവശ്യപ്പെടാതെയും എത്തുകയായിരുന്നു. ഞങ്ങളുടെ സംഘാടക സംഘത്തിലുള്ളവരോ ഉദ്യോഗസ്ഥരോ, പൂർവ്വ വിദ്യാർത്ഥിളോ അവരെ ക്ഷണിച്ചിട്ടില്ലെന്നും ഈ പരിപാടി ഏകോപിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കാൻ  ഞങ്ങൾ ആഗ്രഹിക്കുന്നു. 

ഈ വ്യക്തികളെ അതിഥികളായി ഉൾപ്പെടുത്താത്ത ഞങ്ങളുടെ പരിപാടിയുടെ ഔദ്യോഗിക ഷെഡ്യൂൾ ഇതിന് തെളിവാണ്.അപ്രതീക്ഷിതമായിരുന്നു അവരുടെ സന്ദർശനമെന്നതിനാല്‍ ആ സമയം അവരെ തടയാനോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ഞങ്ങള്‍ക്കായില്ല. ഈ അപ്രതീക്ഷിത സന്ദര്‍ശനം കാരണം പരിപാടിയില്‍ പങ്കെടുക്കുത്തവർക്കോ പങ്കാളികളായവര്‍ക്കോ ഉണ്ടായ ആശയക്കുഴപ്പത്തിലും അസൗകര്യത്തിലും ഞങ്ങൾ ഖേദിക്കുന്നു. സംഭവിച്ച കാര്യങ്ങളില്‍ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അസോസിയേഷന്‍റെ വിശദീകരണം. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്  ബന്ധം വഷളായിരിക്കെ മലയാളികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിപാടിയുടെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചതോടെയാണ് വലിയ ചർച്ചയായത്. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം എന്ന പേരിൽ ചില പാക് മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇതോടെയാണ് രൂക്ഷമായ വിമർശനം ഉയര്‍ന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര