
ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 246-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക സെനുരാന്‍ മുത്തുസാമിയുടെ സെഞ്ചുറിയുടെയും മാര്‍ക്കോ യാന്‍സന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ രണ്ടാം സെഷനില്‍ 489 റണ്‍സിന് പുറത്തായി. മുത്തുസാമി 109 റണ്‍സെടുത്തപ്പോള്‍ എട്ടാമനായി ക്രീസിലെത്തിയ യാൻസൻ 91 പന്തില്‍ 93 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്തായി. 12 റണ്‍സെടുത്ത കേശവ് മഹാരാജ് പുറത്താകാതെ നിന്നു. അവസാന നാലു വിക്കറ്റില്‍ 243 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്ക 313/6 എന്ന സ്കോറിലായിരുന്നു ക്രീസ് വിട്ടത്. രണ്ടാം സെഷനില്‍ കെയ്ല്‍ വെരിയെന്നെയുടെ(45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. രണ്ടാം സെഷനില്‍ മുത്തുസാമിയെ പുറത്താക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 450ല്‍ താഴെ പിടിച്ചുകെട്ടാമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച യാന്‍സന്‍ ഹാര്‍മർക്കൊപ്പം(6) 31 റണ്‍സും കേശവ് മഹാരാജിനൊപ്പം 27 റണ്‍സും കൂട്ടിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കയെ 489 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തകര്‍ത്തടിച്ച യാന്‍സന്‍ ഏഴ് സിക്സും ആറ് ഫോറും പറത്തിയാണ് 91 പന്തില്‍ 93 റണ്‍സടിച്ചത്. മറുവശത്ത് കരുതലോടെ കളിച്ച മുത്തുസാമി 192 പന്തിലായിരുന്നു തന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
88 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപ് യാദവിനെ സിക്സിനും ഫോറിനും പറത്തിയ മത്തുസാമി മുഹമ്മദ് സിറാജിന്‍റെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മൂന്നക്കം കടന്നു. ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി. 2019ല്‍ ക്വിന്‍റണ്‍ ഡി കോക്കും 1997ല്‍ ലാന്‍സ് ക്ലൂസ്‌നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. മുത്തുസാമി സെഞ്ചുറി തികച്ചതിന് പിന്നാലെ 52 പന്തില്‍ യാന്‍സന്‍ അര്‍ധസെഞ്ചുറി തികച്ചു.
രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ആദ്യ സെഷനില്‍ മുത്തുസാമിയും വെരിയെന്നെയും കരുതലോടെ പിടിച്ചു നിന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന ആദ്യ സെഷനില്‍ അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പ് മുത്തുസാമിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു. പിന്നീട് കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക