
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12ലെ(Super 12) ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ(India) ഞായറാഴ്ച ന്യൂസിലന്‍ഡിനെ(New Zealand) നേരിടാനിറങ്ങുകയാണ്. തോറ്റാല്‍ ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കുമെന്നതിനാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ്.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നതെങ്കില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് പൊരുതിത്തോറ്റാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് അത്ര എളുപ്പമാകില്ലെന്നാണ് ചരിത്രം പറയുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ പാക്കിസ്ഥാനോട് ഇന്ത്യക്കുണ്ടായിരുന്ന അപ്രമാദിത്വം പോലെ ന്യൂസിലന്‍ഡിന് ഇന്ത്യക്കുമേല്‍ മേല്‍ക്കൈയുണ്ട്.
2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പിനുശേഷം ഐസിസി ടൂര്‍ണമെന്‍റുകളിലൊന്നിലും ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല എന്നതാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജൂണില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും കിവീസിനായിരുന്നു ജയം.
2019ലെ ഏകദിന ലോകകപ്പിലെ സെമി തോല്‍വിയുടെ വേദന ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. 2007ലെ ടി20 ലോകകപ്പിലാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുമ്പില്‍ വലിയ കടമ്പയായത്. അന്ന് കിരീടവുമായി ധോണിപ്പട മടങ്ങിയെങ്കിലും ജൊഹാനസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് 10 റണ്‍സിന് തോറ്റിരുന്നു.
2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റു. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതിന് പിന്നാലെ 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ 18 റണ്‍സിന്‍റെ തോല്‍വി.
എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റിന് പുറത്ത് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നത് ആരാധകരെ ആശ്വസിപ്പിക്കുന്ന കാര്യമാണ്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 5-0ന് തൂത്തുവാരിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ടി20യില്‍ ഇന്ത്യക്ക് മേല്‍ ന്യൂസിലന്‍ഡിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.
ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് എട്ടെണ്ണം ജയിച്ചപ്പോള്‍ ആറെണ്ണമാണ് ഇന്ത്യ ജയിച്ചത്. ടി20ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഇന്ത്യക്കുമേല്‍ ഏറ്റവും മികച്ച വിജയശതമാനമുള്ളതും(56.25) കിവീസിന് മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!