
മൈറ്റി ഓസീസ്, ഭയക്കണം അവരെ! ഏത് ഐസിസി ടൂർണമെന്റ് തുടങ്ങും മുൻപും ഈ വാക്കുകള്‍ കേള്‍ക്കാറുണ്ട്. ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിലെ ഓസ്ട്രേലിയയുടെ ആധിപത്യമാണ് ഇത്തരമൊരു വിശേഷണത്തിന് പിന്നിലെ കാരണം. പക്ഷേ, ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ഓസ്ട്രേലിയയുടെ മൈറ്റി ലെവല്‍ അല്‍പ്പം കുറവാണ്.
2007 മുതല്‍ 2026 വരെ. പത്ത് ലോകകപ്പുകളില്‍ ഓസ്ട്രേലിയയുടെ സാന്നിധ്യമുണ്ടായി. ഏകദിന ലോകകപ്പുകളില്‍ ആറ് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ആദ്യമായൊന്ന് ഫൈനലില്‍ എത്തിയത് 2010ലാണ്, പിന്നീടൊരു പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു മറ്റൊരു കലാശപ്പോരിനായി, 2021ല്‍. അന്ന് ഫൈനലില്‍ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ജേതാക്കളുമായി.
മറ്റ് ലോകകപ്പ് എഡിഷനുകളില്‍ ശരാശരിയില്‍ ഒതുങ്ങി ഓസ്ട്രേലിയ. ഗ്രൂപ്പ് സ്റ്റേജ് പോലും കടക്കാതെ രണ്ട് തവണ, ഈ വർഷമാണ് രണ്ടാമത്തെ തവണ ടൂർണമെന്റില്‍ ആദ്യ ഘട്ടത്തില്‍ പുറത്താകുന്നത്. സെമി ഫൈനലിലെത്താതെ രണ്ടാം ഘട്ടത്തില്‍ ടൂർണമെന്റ് അവസാനിപ്പിക്കേണ്ടി വന്നത് നാല് പ്രാവശ്യം. 2014, 16, 22, 24 എഡിഷനുകളില്‍.
പ്രഥമ ലോകകപ്പിലും 2012ലും സെമി ഫൈനല്‍ വരെ നീണ്ടു യാത്ര. 2007ല്‍ സെമിയില്‍ പരാജയപ്പെട്ടത് ഇന്ത്യയോടായിരുന്നു. യുവരാജ് സിങ്ങിന്റേയും ശ്രീശാന്തിന്റേയും പ്രകടനങ്ങളായിരുന്നു ഓസ്ട്രേലിയയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ അന്ന് ഇല്ലാതാക്കിയത്.
സിംബാബ്‌വെ രണ്ട് തവണയും അഫ്ഗാനിസ്ഥാൻ ഒരു പ്രാവശ്യവും ഓസ്ട്രേലിയയെ ട്വന്റി 20 ലോകകപ്പില്‍ അട്ടിമറിച്ചു. ഇതുവരെ ഓസ്ട്രേലിയക്ക് സിംബാബ്‌വെയെ ട്വന്റി 20 ലോകകപ്പില്‍ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ പരാജയം വഴങ്ങിയത് ഇന്ത്യയോടാണ്, നാല് മത്സരങ്ങള്‍. പാക്കിസ്ഥാനോടും വെസ്റ്റ് ഇൻഡിസിനോടും മൂന്ന് തവണ കീഴടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!