
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ (ആർസിബി) വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് ഒരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്.
ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം