
റായ്പൂര്‍: തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം സെഞ്ചുറിയുമായി വിരാട് കോലി ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 16 പോയിന്‍റുമായി പ്ലേ ഓഫിനരികിലെത്തി. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ആര്‍സിബി 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 10 ഫോറും മൂന്ന് സിക്സും പറത്തി 58 പന്തില്‍ സെഞ്ചുറി തികച്ച കോലി 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു.11 ഫോറും 3 സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്.
ഐപിഎല്ലില്‍ കോലിയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ജയത്തോടെ ആര്‍സിബി 16 പോയിന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമായി(+1.053) ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷമാണ് കൊല്‍ക്കത്ത തോല്‍വി അറിഞ്ഞത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 192-4, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 19.1 ഓവറില്‍ 194-4.
193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്കായി വിരാട് കോലിയും ജേക്കബ് ബെഥേലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 3.2 ഓവറില്‍ 37 റണ്‍സടിച്ചു. ജേക്കബ് ബെഥേലിനെ(12 പന്തില്‍ 15) സ്വന്തം ബൗളിംഗില്‍ പിടികൂടിയ കാര്‍ത്തിക് ത്യാഗിയാണ് കൊല്‍ക്കത്തക്ക് ആദ്യബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേര്‍ന്ന് സമ്മര്‍ദ്ദമില്ലാതെ ആര്‍സിബിയെ മുന്നോട്ട് നയിച്ചു. 21 റണ്‍സെടുത്ത് നില്‍ക്കെ വിരാട് കോലി നല്‍കിയ ദുഷ്കരമായൊരു ക്യാച്ച് കവറില്‍ റൊവ്മാന്‍ പവല്‍ കൈവിട്ടത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. പിന്നാലെ ത്യാഗിയെ സിക്സിന് തൂക്കിയ കോലി കരുത്തുകാട്ടി. പവര്‍ പ്ലേയില്‍ ആര്‍സിബി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 66 റണ്‍സടിച്ചു. എട്ടാം ഓവറില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ നല്‍കിയ അനായാസ ക്യാച്ച് വൈഭവ് ആറോറ ബൗണ്ടറിയില്‍ കൈവിട്ടു.
പത്താം ഓവറില്‍ ആര്‍സിബി 100 കടന്നപ്പോള്‍ 32 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. പതിനാലാം ഓവറിലെ ആദ്യ പന്തില്‍ പടിക്കലിനെ(27 പന്തില്‍ 39) രഹാനെയുടെ കൈകളിലെത്തിച്ച് ത്യാഗി വീണ്ടും കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കി. സുനില്‍ നരെയ്നെ സിക്സിന് തൂക്കിയതിന് തൊട്ടുപിന്നാലെ ക്യാപ്റ്റൻ രജത് പാട്ടീദാറിനെ നരെയ്ന്‍ തന്നെ പുറത്താക്കി. അവസാന നാലോവറില്‍ 36 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സമ്മര്‍ദ്ദമുയര്‍ത്താനുള്ള കൊല്‍ക്കത്തയുടെ ശ്രമങ്ങള്‍ പക്ഷെ കോലി അടിച്ചകറ്റി. അനുകൂല്‍ റോയ് എറിഞ്ഞ പതിനേഴാം ഓവറില്‍ ഫോറും സിക്സും പറത്തി 90കളിലെത്തിയ കോലി 58 പന്തില്‍ ഐപിഎല്ലിലെ ഒമ്പതാം സെഞ്ചുറി തികച്ചു. വിജയത്തിനരികെ ടിം ഡേവിഡ്(2) മടങ്ങിയെങ്കിലും ജിതേഷ് ശര്‍മയെ(8*) കൂട്ടുപിടിച്ച് കോലി ആറ്‍സിബിയെ വിജയവര കടത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അംഗ്രിഷ് രഘുവംശിയുടെ അര്‍ധസെഞ്ചുറിയുടെയും റിങ്കു സിംഗിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തത്. 46 പന്തില്‍ 71 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 29 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ 24 പന്തില്‍ 32 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും(19), ഫിന്‍ അലനും(18) വലിയ സ്കോര്‍ നേടാതെ മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!