വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റീവ് സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവരെ മറികടന്ന് വിരാട് കോലി മുന്നേറി.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ പരിശീലകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡ്. ക്രിക്ഇൻഫോ സംഘടിപ്പിച്ച 'വിന്നർ സ്റ്റേയ്സ് ഓൺ' ഗെയിമിലാണ് ദ്രാവിഡ് തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഓസ്ട്രേലിയൻ നായകൻമാരെയും വിരാട് കോലിയെയും പാക് ഇതിഹാസം ഇമ്രാൻ ഖാനെയും മറികടന്ന് എം.എസ്. ധോണിയാണ് ദ്രാവിഡിന്‍റെ പട്ടികയിൽ ഒന്നാമതെത്തിയത്.
വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റീവ് സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവരെ മറികടന്ന് വിരാട് കോലി മുന്നേറിയെങ്കിലും തൊട്ടടുത്ത റൗണ്ടിൽ ദ്രാവിഡ് കോഹ്‌ലിക്ക് മുകളിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനെ തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ക്യാപ്റ്റനാണ് കോലിയെങ്കിലും, 1992-ൽ പാകിസ്ഥാന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായക മികവാണ് ഇമ്രാൻ ഖാനെ തിരഞ്ഞെടുക്കാൻ ദ്രാവിഡിനെ പ്രേരിപ്പിച്ചത്. 213 മത്സരങ്ങളിൽ നിന്ന് 135 വിജയങ്ങളാണ് കോലിയുടെ അക്കൗണ്ടിലുള്ളതെങ്കിൽ, 187 മത്സരങ്ങളിൽ 89 വിജയങ്ങളാണ് ഇമ്രാൻ നേടിയത്.
എന്നാൽ ഇമ്രാൻ ഖാന്‍റെ മേൽക്കോയ്മ അടുത്ത റൗണ്ടിൽ അവസാനിച്ചു. ഇമ്രാൻ ഖാനെ മറികടന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ എം.എസ്. ധോണിയെ ദ്രാവിഡ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് ഇൻഡീസിന് ആദ്യ രണ്ട് ലോകകപ്പുകൾ സമ്മാനിച്ച ക്ലൈവ് ലിയോയിഡും ധോണിയും തമ്മിലായിരുന്നു അവസാന പോരാട്ടം. എന്നാൽ ക്ലൈവ് ലിയോയിഡിനേക്കാൾ ദ്രാവിഡ് വോട്ട് ചെയ്തത് എം.എസ്. ധോണിക്കാണ്.
ഇന്ത്യയ്ക്ക് മൂന്ന് ഐസിസി വൈറ്റ് ബോൾ കിരീടങ്ങൾ സമ്മാനിച്ച (2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി) ഒരേയൊരു ക്യാപ്റ്റനാണ് ധോണി. 332 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 178 വിജയങ്ങൾ നേടിയ ധോണി, ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിക്കുകയും ചെയ്തിരുന്നു. ആദ്യ റൗണ്ടുകളില്‍ ബെൻ സ്റ്റോക്സ്, കെയിൻ വില്യംസൺ, പാറ്റ് കമ്മിൻസ് എന്നിവരെ മറികടന്ന സ്റ്റീവ് സ്മിത്തിനെക്കാൾ റിക്കി പോണ്ടിംഗിനെയും, പോണ്ടിംഗിനേക്കാൾ സ്റ്റീവ് വോയെയുമാണ് ദ്രാവിഡ് മികച്ച ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്തത്.
