
ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഫൈനലിലെത്തിയ പാകിസ്ഥാന്‍ ടീമിന് മുന്നില്‍ വികാരാധീനരായി പാകിസ്ഥാന്‍ ആരാധകര്‍. സൂപ്പര്‍ ഫോറിലെ ആവേശപ്പോരില്‍ 11 റണ്‍സിനാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ പാക് പേസര്‍ ഹാരിസ് റൗഫിനെ മത്സരശേഷം ഒരു പാക് ആരാധകൻ വികാരാധീനനായി ആശംസിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ശേഷം കൈ പിടിച്ചു കുലുക്കി പാക ആരാധകന്‍ വികാരാധീനനായി പറയുന്നത് ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുതെന്നാണ്.
കൈവിടാതെ തന്നെ ആരാധകന്‍റെ ആവശ്യം ചിരിച്ചുകൊണ്ട് കേട്ട ഹാരിസ് റൗഫ് കൈവിട്ടശേഷം തൊഴുകൈയോടെ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ ആരാധന് ഫ്ലയിംഗ് കിസ് നല്‍കിയാണ് മറുപടി നല്‍കിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യൻ ആരാധകര്‍ റൗഫിനെ കോലി ചാന്‍റ് ഉയര്‍ത്തി പ്രകോപിപ്പിച്ചച്ചപ്പോൾ ഇന്ത്യൻ ആരാധകര്‍ക്ക് നേരെ വിവാദ ആംഗ്യം കാട്ടിയും ഹാരിസ് റൗഫ് ശ്രദ്ധേയനായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദം സൂചിപ്പിക്കാനായി ഹാരിസ് റൗറ് ആറ് എന്ന് കൈവിരലുയര്‍ത്തി ആംഗ്യം കാട്ടിയതും വിമാനങ്ങള്‍ പറന്നുപോകുന്നതും വെടിയേറ്റുവീഴുന്നതും കൈകൊണ്ട് കാണിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ഇന്ത്യ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്തു.
പാകിസ്ഥാന്‍ ഓപ്പണറായ സാഹിബ്സാദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി തികച്ചശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നതുപോലെ ആഘോഷിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനെതിരെയും ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരിക വിജയം നേടിയിരുന്നു. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക