
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിനിടെ ഗാലറിയില്‍ നിന്നുള്ള എം എസ് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ സാക്ഷി നടത്തിയ നേരത്തെയുള്ള ആഘോഷവും അതിനോടുള്ള ധോണിയുടെ ശാന്തവും എന്നാല്‍ തമാശ നിറഞ്ഞതുമായ പ്രതികരണവുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ... ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് പിന്തുടരുകയായിരുന്നു ഇംഗ്ലണ്ട്. മത്സരത്തിന്റെ 18-ാം ഓവറില്‍ ജസ്പ്രീത് ബുംറ എറിഞ്ഞ പന്ത് സാം കറന്‍ പ്രതിരോധിച്ചു. പന്ത് ബുംറയുടെ കൈകളില്‍ എത്തിയതോടെ സാം കറന്‍ പുറത്തായെന്ന് കരുതി വിഐപി ബോക്‌സിലിരുന്ന സാക്ഷി ധോണി ആവേശത്തോടെ ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ പന്ത് ബുംറയുടെ കൈകളില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ തട്ടിയിരുന്നു.
സാക്ഷി ആഘോഷം തുടരുന്നത് കണ്ട ധോണി ഉടന്‍ തന്നെ ഇടപെട്ടു. പന്ത് നിലത്ത് തട്ടിയതാണെന്നും അടങ്ങയിരിക്കാനും ധോണി ചിരിയോടെ ആംഗ്യത്തിലൂടെ സാക്ഷിയോട് ആവശ്യപ്പെട്ടു. ധോണിയുടെ ഈ തമാശ കലര്‍ന്ന പ്രതികരണം ക്യാമറയില്‍ പതിഞ്ഞതോടെ നിമിഷങ്ങള്‍ക്കകം വൈറലായി. വീഡിയോ....
മത്സരം കാണാന്‍ എത്തിയ ധോണി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായും മറ്റ് താരങ്ങളുമായും സംസാരിക്കുന്നത് കാണാമായിരുന്നു. ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ ഗാലറിയിലെ ധോണിയുടെ സാന്നിധ്യമാണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഐപിഎല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണി വീണ്ടും പാഡണിയും.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (42 പന്തില്‍ 89) കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 246 റണ്‍സില്‍ അവസാനിച്ചു. ജേക്കബ് ബെഥല്‍ 105 റണ്‍സുമായി പൊരുതിയെങ്കിലും ഏഴ് റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി. മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!