
കട്ടക്ക്: ഓപ്പണറെന്ന നിലയില്‍ മൂന്ന് സെഞ്ചുറികള്‍ നേടി റെക്കോര്‍ഡിട്ട മലയാളി താരം സഞ്ജു സാംസണെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര‍്‍ത്തകരുടെ ചോദ്യങ്ങൾക്ക് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.
ടീം കോംബിനേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നില്ലെന്നും ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുക എന്ന സമീപനത്തില്‍ മാറ്റമൊന്നും ഇല്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ എന്തുകൊണ്ട് മാറ്റി എന്ന ചോദ്യത്തിന് സഞ്ജു ടോപ് ഓര്‍ഡറില്‍ മികച്ച രീതിയില്‍ കളിച്ചുവെങ്കിലും ശുഭ്മാന്‍ ഗില്ലും ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നതിനാലാണ് ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കേണ്ടിവന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും സഞ്ജുവിന് വീണ്ടും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഓപ്പണര്‍മാരൊഴികെ ടീമിലെ മറ്റ് താരങ്ങളെല്ലാം ഏത് സ്ഥാനത്തും കളിക്കാന്‍ വഴക്കമുള്ളവരായിരിക്കണം. സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ അവര്‍ തയാറാവണം. സഞ്ജുവും ഗില്ലും ഞങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെട്ട താരങ്ങളാണ്. വ്യത്യസ്ത റോളുകളില്‍ തിളങ്ങാന്‍ കഴിവുള്ള താരങ്ങളുമാണ്. രണ്ടുപേരും ടീമിന്‍റെ മുതല്‍ക്കൂട്ടാണെന്നതിനൊപ്പം സുഖമുള്ള തലവേദനയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകള്‍ ടി20 ലോകകപ്പിന്‍റെ ഓഡീഷനാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഈ രണ്ട് പരമ്പരകള്‍ നേടുന്നതിന് മാത്രമാണ് ശ്രദ്ധകൊടുക്കുന്നതെന്നും അതിനുശേഷം ടി20 ലോകകപ്പിലേക്ക് ശ്രദ്ധതിരിക്കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
നാളെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര തുടങ്ങുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മധ്യനിരയില്‍ സഞ്ജു സാംസണും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!