
ധരംശാല: ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന ലക്നൗ നായകന്‍ റിഷഭ് പന്തിന് ഫോം വീണ്ടെടുക്കാന്‍ ഉപദേശവുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. റിഷഭ് പന്തിന്‍റെ അതേ അവസ്ഥയിലൂടെ താനും രാജ്യാന്തര കരിയറില്‍ കടന്നു പോയിട്ടുണ്ടെന്നും അന്ന് തന്‍റെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണ് ആത്മവിശ്വാസം വീണ്ടെടടുത്തതെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
എനിക്ക് തോന്നുന്നത് റിഷഭ് പന്ത് ഐപിഎല്ലിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ വീഡിയോ ഒന്നു കൂടി കാണണമെന്നാണ്. അത് അവന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. നമ്മള്‍ പതിവായി ചെയ്യുന്ന പലകാര്യങ്ങളും പലപ്പോഴും മറക്കും. കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള റിഷഭ് പന്തിനെയല്ല നമ്മളിപ്പോള്‍ ഗ്രൗണ്ടില്‍ കാണുന്നത്. 2006-2007 കാലഘട്ടത്തില്‍ രാജ്യാന്തര കരിയറില്‍ ഞാനും ഇത്തരം മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. അന്ന് ഞാന്‍ ഇന്ത്യൻ ടീമില്‍ നിന്നുവരെ പുറത്തായി. അന്ന് എന്നോട് രാഹുല്‍ ദ്രാവിഡ് ആണ് പറഞ്ഞത്. ഫോമിലുള്ളപ്പോള്‍ പതിവായി ചെയ്യാറുള്ള എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ ഒഴിവാക്കിയതെന്ന്. കാരണം നമ്മള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ പതിവായി ചെയ്യുന്ന പലകാര്യങ്ങളും മറക്കും. അത് പലപ്പോഴും നമ്മുടെ സ്കോറിംഗിനെയും ബാധിക്കും. അന്ന് എന്‍റെ തന്നെ മികച്ച പ്രകടനങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കണ്ടാണ് ഞാൻ ആത്മവിശ്വാസം വീണ്ടെടുത്തത്.
അതുപോലെ റിഷഭ് പന്തിന് ചെയ്യാവുന്ന മറ്റൊരു കാര്യം മൊബൈല്‍ കൈയിലുണ്ടെങ്കില്‍ അതെടുത്ത് ആരെയെങ്കിലും വിളിച്ച് സംസാരിക്കുക എന്നതാണ്. നെഗറ്റീവായ ചിന്തകളെ മാറ്റാന്‍ കഴിയുന്ന നിരവധി മുന്‍താരങ്ങളുണ്ട്. ആരെയെങ്കിലും വിളിച്ച് സംസാരിച്ചാല്‍ തന്നെ അവന്‍റെ പകുതി പ്രശ്നങ്ങള്‍ തീരും. ധോണിയാണ് റിഷഭിന്‍റെ റോള്‍ മോഡല്‍. അതുകൊണ്ട് തന്നെ ധോണിയെ വിളിച്ച് അവന്‍ സംസാരിക്കട്ടെ. ഇത്തരം കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ പറ്റിയ ആളാണ് ധോണി. ധോണിയുമായി സംസാരിക്കുന്നത് അവന്‍റെ സമ്മര്‍ദ്ദം അകറ്റുമെന്നും സെവാഗ് പറഞ്ഞു.
അതേസമയം, ഇന്ത്യൻ ടീമിലെ സഹതാരങ്ങളാരും കൂടെയില്ലാത്തതാകാം പന്തിന്‍റെ മോശം പ്രകടനങ്ങൾക്കുള്ള ഒരു കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ നായന്‍ ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. പന്തിനുചുറ്റുമുള്ളത് നാല് രാജ്യാന്തര താരങ്ങളാണ്. അതുകൊണ്ട് തന്നെ പന്തുമായി അടുത്ത സൗഹൃദമുള്ള ആരുടെയെങ്കിലും സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ മോശം അവസ്ഥ മറികടക്കാൻ അവനാവുമായിരുന്നുവെന്നും പൊള്ളോക്ക് പറഞ്ഞു. ഐപിഎല്ലില്‍ 11 ഇന്നിംഗ്സുകളില്‍ 128 റണ്‍സ് മാത്രമാണ് റിഷഭ് പന്ത് ഈ സീസണില്‍ നേടിയത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ പന്തിന്‍റെ പ്രഹരശേഷി 99.22 മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!