
മിഷിഗണ്‍: ഓണ്‍ലൈന്‍ ക്ലാസില്‍ നല്‍കിയ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്ത പതിനഞ്ചുകാരിയെ മൂന്ന് മാസം തടവിലിടാന്‍ ഉത്തരവിട്ട് കോടതി. അമേരിക്കയിലെ മിഷിഗണിലാണ് വിചിത്ര നടപടി. അടുത്ത വിചാരണ തിയതി ആയി നിശ്ചയിച്ചിരിക്കുന്ന സെപ്തംബര്‍ 8 വരെ കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടിയെ ഡിട്രോയിറ്റിലെ ജൂവനൈല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം അമ്മയോട് തര്‍ക്കിച്ചതിനും സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും ഈ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ നിരീക്ഷണകാലഘട്ടത്തില്‍ കോടതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായിരുന്നു യഥാസമയത്ത് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കുക എന്നത്.
ഈ നിര്‍ദ്ദേശം പെണ്‍കുട്ടി പാലിച്ചില്ലെന്നാണ് ഓക്ലന്‍ഡ് കൌണ്ടി കോടതി ജഡ്ജായ മേരി എലന്‍ ബ്രണ്ണന്‍റേതാണ് തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ കേസ് പരിഗണിക്കുന്നതിനിടെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കരുതെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിരീക്ഷണഘട്ടമാണെന്ന് വിശദമാക്കിയാണ് വീട്ടിലേക്ക് അയച്ചത്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സ്വഭാവം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കുന്നില്ലെന്ന് കോടതിയെ പെണ്‍കുട്ടിയുടെ അധ്യാപികയാണ് അറിയിച്ചത്. ഇതോടെയാണ് മേരി എലന്‍ ബ്രണ്ണന്‍ തടവ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ സ്വഭാവത്തിലെ പ്രത്യേകത മനസിലായ ശേഷം അതിന് വേണ്ടിയുള്ള കൌണ്‍സിംലിംഗ് പുരോഗമിക്കുന്നതിന് ഇടയിലാണ് കോടതിയുടെ തീരുമാനമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ വിശദമാക്കുന്നത്. കറുത്ത വര്‍ഗക്കാരിയായതിനാലാണ് കോടതി ഇത്തരം നിലപാട് സ്വാകരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ജുവനൈല്‍ ഹോമിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും അവര്‍ പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതാണ് പെണ്‍കുട്ടി ഹോംവര്‍ക്കില്‍ പിന്നിലായതിന് കാരണമെന്നും അവര്‍ പറയുന്നു. അധ്യാപകരുമായി നേരിട്ട് സംഭാഷണത്തിലേര്‍പ്പെടുന്ന സാഹചര്യം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇല്ലെന്നും അതിനാല്‍ തന്നെ മകള്‍ക്ക് പൂര്‍ണ ശ്രദ്ധ പഠനത്തില്‍ മാത്രമായി നല്‍കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നുവെന്നും പതിനഞ്ചുകാരിയുടെ അമ്മ പറയുന്നു.
പെണ്‍കുട്ടിക്കെതിരെ നടപടി വന്നതിന് പിന്നാലെ സംഭവിച്ചത് ആരുടേയും തെറ്റല്ലെന്നും മഹാമാരിയുടെ കാര്യം അപ്രതീക്ഷിതമായിരുന്നുവെന്നും താന്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ അധ്യാപിക പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പെണ്‍കുട്ടി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ലെന്നതാണ് ഇത് നിരീക്ഷണഘട്ടത്തിലെ നിബന്ധനകളുടെ ലംഘനമാണെന്നും കോടതി വിശദമാക്കി. ഇതൊരു ശിക്ഷയല്ലെന്നും കുട്ടിക്ക് മികച്ച ചികിത്സയും മറ്റ് അവസരങ്ങളുമുണ്ടാവുന്നതിനായുള്ള നടപടിയായി കണ്ടാല്‍ മതിയെന്നുമാണ് കോടതി തീരുമാനത്തേക്കുറിച്ച് വിശദമാക്കുന്നത്. കോടതിയില്‍ നിന്ന് കൈകാലുകളില്‍ വിലങ്ങ് അണിയിച്ച് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് കൊണ്ടുപോയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
മകള്‍ ആ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നും വംശീയ വിദ്വേഷമാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്നും അവര്‍ പ്രാദേശിക മാധ്യമമായ പ്രോ പബ്ളിക്കയോട് വിശദമാക്കി. തനിക്ക് മാറാന്‍ ആഗ്രഹമുണ്ടെന്നും അമ്മ തന്നെ എത്രയധികം സ്നേഹിക്കു്നുവെന്നത് തിരിച്ചറിയുന്നുവെന്നും അമ്മയുടെ സ്നേഹത്തെ ദുരുപയോഗിച്ചുവെന്നും അമ്മയെ കാണണം എന്നും ആവശ്യപ്പെട്ട് മകള്‍ എഴുതിയ കത്തും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam