സ്വർണ്ണക്കടത്ത് കേസ്: അന്വേഷണം കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ മൊഴിയെടുക്കാൻ നീക്കം

By Web TeamFirst Published Jul 9, 2020, 12:03 AM IST
Highlights

ഇവിടുത്തെ ചില പ്രധാനികളുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് അസാധ്യമെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.കോൺസുലേറ്റിലെ അറ്റാഷെ അടക്കമുളളവരുടെ മൊഴിയെടുത്താലെ കേസ് മുന്നോട്ടുപോകൂ. 

തിരുവനന്തപുരം: വിമാനത്താവള സ്വർണ്ണക്കടത്തുകേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം തുടങ്ങി. അനുമതിക്കായി കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിരിക്കുന്നത്.തിരുവനന്തപുരത്തെ കാർ വർക് ഷോപ്പ് ഉടമ സന്ദീപ് നായർക്ക് കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്‍റെ ഭാര്യയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ,ഇവര്‍ക്ക് കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചു

കളളക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് ഒളിവിൽപ്പോയി നാലു ദിവസം പിന്നിടുമ്പോഴാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കസ്റ്റംസ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇവിടുത്തെ ചില പ്രധാനികളുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് അസാധ്യമെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.കോൺസുലേറ്റിലെ അറ്റാഷെ അടക്കമുളളവരുടെ മൊഴിയെടുത്താലെ കേസ് മുന്നോട്ടുപോകൂ. 

ഇവർക്ക് നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടൽ തേടുന്നത്. എന്നാൽ കോൺസുലേറ്റിൽ ജീവനക്കാരൻ പോലുമല്ലാത്തെ സരിത്തിനെ നയതന്ത്ര ബാഗ് കൈപ്പറ്റാൻ ചുമതലപ്പെടുത്തിയ കോൺസലേറ്റ് അധികൃതരുടെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കും. 

അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സ്വപ്നക്ക് പിന്നാലെ ഒളിവിൽപ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകൾക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഈ സാഹചര്യത്തിലാണ് സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തത്. കസ്റ്റംസിന് പുറമെ ഐബി , റോ എന്നിവയും ചോദ്യം ചെയ്തു. സൗമ്യക്ക് പങ്കില്ലെന്ന് കണ്ടതിനെതുടര്‍ന്ന് വൈകിട്ട് 5 മണിയോടെ വിട്ടയച്ചു. അതേ സമയം , തനിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ബിജെപി അദ്ധ്യക്ഷന് കെ സുരേന്ദ്രന്‍റെ ആരോപണത്തോടെ പ്രതികരിക്കാന്‍ കസ്റ്റംസ് ജോ.കമീഷണര്‍ തയ്യാറായില്ല

പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണമെങ്കിലും കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണ് വിവരശേഖരണമെന്നാണ് സൂചന. ഇവർ നൽകുന്ന റിപ്പോ‍ർട്ടിന്‍റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. 

click me!