
കായംകുളം: മാസങ്ങള്‍ക്ക് മുന്‍പ് കായംകുളം നഗരത്തിൽ നടന്ന വ്യാപക മോഷണത്തില്‍ പ്രതി പിടിയില്‍. കായംകുളം സെൻറ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവൺമെൻറ് എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് കിള്ളിയൂര്‍ പുല്ലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശെല്‍വരാജ് എന്ന 43കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു മോഷണം നടന്നത്. പള്ളിയുടെ വാതിലിന്റെ പാളി പൊളിച്ച് അകത്തുകയറി വഞ്ചികുറ്റിയിൽ നിന്നും 3000 രൂപയുടെ നാണയങ്ങളും നോട്ടുകളും മോഷ്ടിച്ച ഇയാള്‍ അന്നേ ദിവസം തന്നെ കായംകുളം ഗവൺമെന്റ് യു പി സ്കൂളിലെ ഓഫീസ് കെട്ടിടത്തിന്റെ ഓടാമ്പൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 19,690 രൂപയും, 7500 രൂപ വീതം വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും കവർന്നിരുന്നു. ഓൺലൈൻ പഠനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്കായി വാങ്ങി നൽകിയ ഫോണുകളാണ് മോഷണം പോയത്.
ഗവൺമെൻറ് എൽപിഎസിലെ ഓഫീസ് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബസ്സിന്റെ ആർ സി ബുക്കും കാണാതായിരുന്നു. ക്ലാസ് മുറികളുടെയും മറ്റ് റെക്കോർഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട ആളാണ് ശെൽവരാജ്. അതിനാല്‍ തന്നെ എവിടെയും സ്ഥിരമായി നില്‍ക്കുന്ന ശൈലിയില്ല. മോഷണത്തെത്തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചിരുന്നു.
നിരവധി സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തിവരവേയാണ് ഇയാള്‍ മോഷണ കേസിൽ തിരുവല്ല പോലീസിന്റെ പിടിയിലായത്. തുടർന്ന് പ്രതിയെ കായംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam