മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട, ഒരു സ്ത്രീ അടക്കം 7 പേർ പിടിയിൽ

By Web TeamFirst Published Aug 16, 2022, 5:08 PM IST
Highlights

ആയിരം കോടിയുടെ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത് ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയിൽ 

മുംബൈ: ആയിരം കോടിയിലേറെ രൂപ വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം മുംബൈ പൊലീസിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം പിടികൂടി. 513 കിലോ എംഡി ആണ് പിടികൂടിയത്. ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം 7 പേരെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്സ് സെല്ലിന്റെ വർളി യൂണിറ്റാണ് രഹസ്യവിവരത്തെ തുടർന്ന് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്.  മാർച്ച് 29ന് നാർകോടിക്സ് വിഭാഗം 4.5 കോടിയുടെ മയക്കുമരുന്ന് മുംബൈയിലെ ശിവാജി നഗറിൽ നിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൈവശം വച്ച രണ്ടു പേരെയും അന്ന് പിടികൂടി. തുടർന്ന് ഈ മയക്കുമരുന്നിന്റെ സ്രോതസ്സ് സംബന്ധിച്ച അന്വേഷണത്തിലായിരുന്നു ആന്റി നാർകോട്ടിക്സ് വിഭാഗം. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ച മുമ്പ് നാർക്കോട്ടിക് സെൽ 1,400 കോടിയുടെ ലഹരി മരുന്ന് പാൽഖർ ജില്ലയിൽ നിന്നും പിടികൂടിയിരുന്നു. 701 കിലോ എംഡി (MD)ആണ് അന്ന് പിടികൂടിയത്. ഒരു സ്ത്രീ അടക്കം അഞ്ചു പേരെ അന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ബറൂച്ചിലെ അങ്കലേശ്വറിൽ നിന്ന് 1026 കോടിയുടെ മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ കെമിസ്ട്രി ബിരുദധാരിയാണെന്ന് നാർകോട്ടിക്സ് ഉദ്യോഗസ്ഥർ പറഞ്ഞു. എംഡി, അഥവാ മെഫിഡ്രോൺ എങ്ങനെ ഉണ്ടാക്കാം എന്നത് ഇയാൾക്ക് അറിയാമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതികൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് നാർകോട്ടിക്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

സമൂഹത്തിൽ ഉന്നതനിലയിൽ ജീവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവാക്കളേയും യുവതികളെയുമാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള വലിയ കണ്ണിയുടെ ഭാഗമാണ് ഇവരെന്നും നാർകോട്ടിക്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ 7 പേരിൽ രണ്ടു പേരെ ആന്റി നാർകോട്ടിക്സ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അ‍ഞ്ചു പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യവ്യാപകമായുള്ള ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ.

click me!