
മാന്നാർ: കള്ള് കുപ്പി യുവാവ് മാറി എടുത്തതിന് പിന്നാലെ ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്. ബുധനൂർ എണ്ണക്കാട് കള്ള് ഷാപ്പിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കൾ പിടിയിലായി. ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷ് (40)നാണ് തലക്ക് പരിക്കേറ്റത്. എണ്ണക്കാട് ബുധനൂർ പെരിങ്ങാട് ശ്രീ വിലാസത്തിൽ സജിയുടെ മകൻ അനന്ദു (21), ബുധനൂർ എണ്ണക്കാട് നെടിയത്ത് കിഴക്കെതിൽ സുധന്റെ മകൻ നന്ദു സുധൻ (22) ബുധനൂർ എണ്ണക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ ഉദയൻ മകൻ വിശാഖ് (27)എന്നിവരാണ് പൊലീസ് പിടിയിലായത്. മാന്നാര്‍ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
അക്രമ സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാനുണ്ട്. എണ്ണക്കാടുള്ള കള്ള് ഷാപ്പിൽ കള്ള് കുടിക്കുന്നതിനിടെ പ്രതികൾക്ക് കൊണ്ട് വന്ന കള്ള് കുപ്പി അബദ്ധത്തിൽ സുരേഷ് മാറി എടുത്തതാണ് സംഘർഷത്തിന് കാരണം എന്ന് പൊലീസ് വിശദമാക്കി. ഇഷ്ടിക കൊണ്ടും കള്ള് കുപ്പി കൊണ്ടും തലക്ക് അടിയേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം,എസ് ഐ ജോൺ തോമസ്, ജി എസ് ഐ സജികുമാർ, സിവിൽ പോലിസ് ഓഫീസർ മാരായ സിദ്ധിക്ക് ഉൾ അക്ബർ, സുനിൽ കുമാർ,സുധി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കോട്ടയം പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദീവസമാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനെട്ടിന് ഇടമറ്റം ചീങ്കല്ലേൽ ഷാപ്പിനു സമീപത്തു വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അനീഷ് നാട്ടുകാരനായ സുരേഷിനെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞിട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുരേഷ് മരിച്ചു. ഇതിനു പിന്നാലെ അനീഷ് ഒളിവില്‍ പോവുകയായിരുന്നു. സുരേഷ് മരിച്ചതോടെ അനീഷിനെതിരെ പൊലീസ് മനപൂര്‍വമുളള നരഹത്യയ്ക്ക് കേസും ചുമത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam