കെവിൻ കേസിൽ കോടതിമുറിയിലും ഭീഷണി; സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

Published : Apr 26, 2019, 05:56 PM IST
കെവിൻ കേസിൽ കോടതിമുറിയിലും ഭീഷണി; സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

Synopsis

നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിൽ പ്രതിക്കൂട്ടിൽ ഒപ്പം നിന്നിരുന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി സാക്ഷി ലിജോ. പ്രതിഭാഗത്തിന് കോടതിയുടെ താക്കീത്.

പാലാ: കെവിൻ കേസ് വിചാരണ നടക്കുമ്പോൾ തിരിച്ചറിയൽ പരേഡിനിടെ എട്ടാം പ്രതി നിഷാദ് തന്നെ ഭീഷണിപ്പെടുത്തിയതായി കേസിലെ സാക്ഷി ലിജോയുടെ നിർണായക വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയുടെ കൂട്ടുകാരനാണ് ലിജോ. കോടതി മുറിയ്ക്കുള്ളിലായിരുന്നു ഭീഷണിയെന്ന് ലിജോ വെളിപ്പെടുത്തുന്നു.

നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്നതിനിടെ പ്രതിക്കൂട്ടിൽ ഒപ്പം നിന്നിരുന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ലിജോ പരാതിപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് കോടതി പ്രതിഭാഗത്തിന് കർശന താക്കീത് നൽകി. കോടതിയ്ക്ക് അകത്തും പുറത്തും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും ഉചിതമായ നടപടികളുമായി മുന്നോട്ടു പോകാനും കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. 

നേരത്തേ രാവിലെ കേസ് വിചാരണയ്ക്കിടെ കെവിൻ കൊല്ലപ്പെട്ടതായി ഷാനു തന്നെ മണിക്കൂറുകൾക്കകം വിളിച്ച് പറഞ്ഞെന്ന് ലിജോ മൊഴി നൽകിയിരുന്നു. " കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്" എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് ലിജോ മൊഴി നൽകിയത്.

ഒന്നാം പ്രതി ഷാനു ഉൾപ്പെടെയുള്ള  പ്രതികൾ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയ‍ർത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികൾ മൊഴി നൽകി. എന്നാൽ, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുൾപ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസിൽ അതീവ നിർണായകമാണ്. 

മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ഇന്നലെ നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. 

പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി. നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.  ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്