
ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ (Acid Attack) തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രണയത്തിൽ നിന്ന് പിന്മാറാനുള്ള യുവാവിന്റെ തീരുമാനമായിരുന്നു യുവതിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും, അടിമാലി സ്വദേശി ഷീബയും സാമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്സ് ആയി വരെ ജോലി നോക്കിയിരുന്നു. എന്നാൽ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ അരുണ്‍ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം കാറിലായിരുന്നു അരുണ്‍ അടിമാലിയിൽ എത്തിയത്. അവര് ഇയാളെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും. ആക്രമണത്തിൽ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. മുഖത്ത് സാരമായ പൊള്ളലുണ്ട്. സംഭവശേഷം ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു യുവതി. ഇവിടെ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെ ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam