ചെറിയ ജ്വല്ലറിയായതിനാൽ സിസിടിവി സ്ഥാപിച്ചിരുന്നില്ല. കവർച്ചയ്ക്കിടെ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ജീവനക്കാർ ശ്രമം നടത്തിയിരുന്നു. അനിൽ എന്ന ജീവനക്കാരനാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
തെലങ്കാന: കർണാടകത്തിലെ ജ്വല്ലറിയിൽ നിന്ന് വീണ്ടും തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു. വിജയപുര ജില്ലയിലെ ഹലസങ്കിയിലാണ് മുഖം മറച്ച് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം കവർച്ച നടത്തിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്ക് നേരെ സംഘം വെടിയുതിർത്തതോടെ ഒരു ജീവനക്കാരന് പരിക്കേറ്റു. ഹൽസങ്കി ഭീമാതിരയിലെ ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് രണ്ടംഗ സംഘം തോക്കുചൂണ്ടി കവർച്ച നടത്തിയത്. ബൈക്കിലെത്തി ജ്വല്ലറിക്ക് സമീപം നിർത്തിയ ശേഷം അകത്തെത്തിയ സംഘം കൗണ്ടറിൽ ഉണ്ടായിരുന്ന ഉടമസ്ഥന്റെ അച്ഛനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണവും വെള്ളിയുമായി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും നഷ്ടപ്പെട്ടതായി കാണിച്ച് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത ജാക്കറ്റ് ധരിച്ച്, മുഖം മറച്ച്, ഹെൽമറ്റ് ധരിച്ച് എത്തിയതിനാൽ കവർച്ചക്കാരെ തിരിച്ചറിയാൻ ആയിട്ടില്ല. ചെറിയ ജ്വല്ലറിയായതിനാൽ സിസിടിവി സ്ഥാപിച്ചിരുന്നില്ല. കവർച്ചയ്ക്കിടെ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ജീവനക്കാർ ശ്രമം നടത്തിയിരുന്നു. അനിൽ എന്ന ജീവനക്കാരനാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
ഇതുകണ്ടതോടെ മോഷ്ടാക്കളിൽ ഒരാൾ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തു. അനിലിനൊപ്പം നിന്നിരുന്ന ആത്മലിംഗ എന്ന ജീവനക്കാരന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മൈസൂരിനടുത്ത് ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയിൽ നിന്ന് 8 കോടി രൂപയുടെ സ്വർണം കവർന്നതിന്റെ ഭീതി ഒഴിയും മുൻപാണ് കർണാടകത്തിൽ വീണ്ടും തോക്കുചൂണ്ടിയുള്ള കവർച്ച.

