
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താൻ തീരുമാനം. കേസ് പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയുടെതാണ് നിർദ്ദേശം. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം അടച്ചിട്ട കോടതിയിൽ ആരംഭിച്ചു.
നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പ്രതികളുടെ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദമാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ ആരംഭിച്ചത്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
കേസിലെ ഒൻപത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ തടസവാദം ഉന്നയിക്കാത്ത തെളിവുകളുടെ പകർപ്പ് പ്രതി ഭാഗത്തിന് കൈമാറാനും കോടതി നിർദേശിച്ചു. എന്നാൽ നടിയെ ആക്രമിച്ച് മുഖ്യപ്രതി പകർത്തിയ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രഥമിക വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികൾക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനിൽക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കുക. കുറ്റം നിലനിൽക്കുമെങ്കിൽ മാത്രമെ വിചാരണ നടപടികളിലേക്ക് കേടതി കടക്കൂ. ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ ബലാത്സംഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam