'രണ്ട് പെൺമക്കളെയും കൊന്നതെങ്ങനെയെന്ന് കുറിപ്പെഴുതി വച്ചു'; തൃശൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു

Published : Jun 15, 2023, 11:08 PM ISTUpdated : Jun 16, 2023, 01:00 AM IST
'രണ്ട്  പെൺമക്കളെയും കൊന്നതെങ്ങനെയെന്ന് കുറിപ്പെഴുതി വച്ചു'; തൃശൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു

Synopsis

ഗുരുവായൂര്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത വാർത്ത പുറത്തുവന്നിരുന്നു. 

തൃശൂര്‍: ഗുരുവായൂര്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത വാർത്ത പുറത്തുവന്നിരുന്നു. ചൂല്‍പ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണന്‍ കേസെടുത്തത്. കൊലപാതകം സംബന്ധിച്ച വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കളായ ശിവനന്ദനയേയും ദേവനന്ദനയേും കൊലപ്പെടുത്തി ചന്ദ്രശേഖരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്ത കുട്ടിക്ക് കീടനാശിനി നല്‍കിയും ഇളയ കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ ലോഡ്ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി വിളിക്കാന്‍ ശ്രമിച്ചു. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് ലോഡ്ജധികൃതര്‍ ടെമ്പിള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ചന്ദ്രശേഖരനെ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൂത്ത കുട്ടി കീടനാശിനി അകത്ത് ചെന്നും ഇളയ കുട്ടി തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് പ്രകാരം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാക്കി. കൈ ഞരമ്പ് മുറിച്ച് കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ അമലയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തതോടെ ചന്ദ്രശേഖരന് പൊലീസ് കാവലേര്‍പ്പെടുത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

Read more:  വല്ലച്ചിറയിൽ പത്ത് പേരെ കടിച്ച തെരുവുനായ വണ്ടിയിടിച്ചു ചത്തു; പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചു!

രണ്ട് കുട്ടികളുടെയും സംസ്‌കാരം നടത്തി

പന്ത്രണ്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികളുടെ മൃതദേഹം വടക്കേക്കാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.  ശിവനന്ദന (12), ദേവനന്ദന (9) എന്നിവരുടെ മൃതദേഹമാണ് വടക്കേക്കാട് ശ്മശാനത്തില്‍ കുഴിയൊരുക്കി സംസ്‌കരിച്ചത്. പൊലീസ് നിര്‍ദേശപ്രകാരം വടക്കേക്കാട് പഞ്ചായത്ത് അധികൃതരുടെ പ്രത്യേക അനുമതിയോടെയാണ് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ സംസ്‌കാരം നടത്തിയത്.  ഗുരുവായൂരും ചാവക്കാടും മൃതദേഹം കുഴിയൊരുക്കി മറവ് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാലാണ് കുട്ടികളുടെ ബന്ധുക്കള്‍ വടക്കേക്കാട് പഞ്ചായത്തിനെ സമീപിച്ചത്. സംസ്‌കാര ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ മാക്കാലിക്കല്‍, വാര്‍ഡംഗം കെ.വി. റഷീദ്, കുട്ടികളുടെ ബന്ധുക്കളും സന്നദ്ധ പ്രവര്‍ത്തകരായ സ്മിതേഷ്, ഷെക്കീര്‍, കുഞ്ഞഹമ്മദ് എന്നിവരും സംബന്ധിച്ചു.

കുട്ടികള്‍ ഇരുവരും മമ്മിയൂര്‍ ലിറ്റിര്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ വിദ്യാര്‍ഥികളായിരുന്നു. ആദ്യ ഭാര്യയില്‍ കുട്ടികളില്ലാത്തതിനാല്‍ ചന്ദ്രശേഖരന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ചാവക്കാട് ബ്ലാങ്ങാട് സ്വദേശിയായ ഭാര്യ അജിത 20 ദിവസം മുമ്പാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. 10 വര്‍ഷമായി ഇവര്‍ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്കു താമസിക്കുകയായിരുന്നു. കാറിലാണ് ലോഡ്ജില്‍ മുറിയെടുക്കാനെത്തിയത്. ഈ കാര്‍ ടെമ്പിള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃക്കാക്കരയിൽ യുവാക്കളെ ക്രൂരമായി മർദിച്ചത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികൾ; പ്രതികളെ തിരിച്ചറിഞ്ഞു
ആംബുലൻസിന്റെ മറവിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിതരണം, മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട; 5 പേർ പിടിയിൽ