എല്ലാം ഇരയുടെ 'തോന്നലുകള്‍'; ലോകത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിന്‍റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ വാദി പ്രതിയായി

By Web TeamFirst Published Jan 1, 2020, 6:52 PM IST
Highlights

12 അംഗ ഇസ്രയേൽ  സ്വദേശികള്‍ പീഡിപ്പിച്ചുവെന്ന ആരോപണം കളവാണെന്നാണ് സൈപ്രസ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നും വിലയിരുത്തിയ കോടതി കേസില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും ചെയ്തു. 

സൈപ്രസ് : അവധിക്കാലം ആഘോഷിക്കാനായി ഗ്രീസിലെ സൈപ്രസിലെത്തിയ പത്തൊന്‍പതുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിന്‍റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ പ്രതിയായത് ആരോപണം ഉയര്‍ത്തിയ പെണ്‍കുട്ടി. 12 അംഗ ഇസ്രയേൽ  സ്വദേശികള്‍ പീഡിപ്പിച്ചുവെന്ന ആരോപണം കളവാണെന്നാണ് സൈപ്രസ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നും വിലയിരുത്തിയ കോടതി കേസില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും ചെയ്തു.

പത്തൊന്‍പതുകാരിയെ വിശദമായി പരിശോധിച്ച മനശാസ്ത്ര വിദ്ഗധരുടെ സാക്ഷ്യപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ കണ്ടെത്തല്‍. കളവുപറഞ്ഞതിന്  പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സൈപ്രസ് സുപ്രീം കോടതി. രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കുന്ന രീതിയില്‍ കളവുപറഞ്ഞ് കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിക്ക് ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സെപ്രസിലെ നിയമ വിദഗ്ധര്‍ രാജ്യാന്തര മാധ്യമങ്ങളോട് വിശദമാക്കിയത്.

എന്നാല്‍ കോടതിയുടെ കണ്ടെത്തില്‍ തെറ്റാണെന്നും പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ അഭിഭാഷകരും കുടുംബവും പറയുന്നത്. ക്രൂരമായ പീഡനം നേരിട്ട ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലാണ് യുവതിയുള്ളതെന്നും കുടുംബം വിശദമാക്കുന്നു. ക്രൂരമായ ബലാത്സംഗം ഹൈപ്പെര്‍സോമ്നിയ എന്ന അവസ്ഥയിലേക്ക് മകളെ എത്തിച്ചെന്നും കുട്ടിയുടെ മാതാവ് ബിബിസിയോട് വിശദമാക്കി. 

ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെ ഉറങ്ങുന്ന അവസ്ഥയാണ് ഇതെന്നും ഇംഗ്ലണ്ടിലെ ഡേര്‍ബിഷെയര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മ വിശദമാക്കുന്നു. ഉറക്കത്തിന് തടസപ്പെടുന്ന അവസ്ഥ വന്നാല്‍ പെണ്‍കുട്ടി വിഭ്രമ അവസ്ഥയില്‍ എത്താറുണ്ടെന്നും അമ്മ പറയുന്നു. വിദേശികള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതും മകളെ അലോസരപ്പെടുത്തുന്ന ഒന്നാണെന്നും അവര്‍ ബിബിസിയോട് പ്രതികരിച്ചു. പെണ്‍കുട്ടിയുടെ അവസ്ഥ കൂടുതല്‍ മോശമാകുന്നതിന് മുന്‍പ് തിരികെ നാട്ടിലെത്തിക്കാന്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായം തേടിയിരിക്കുകയാണ് കുട്ടിയുടെ അമ്മ. സൈപ്രസിലെ റിസോര്‍ട്ടുകള്‍ക്ക് പേരുകേട്ട ഐയ നാപ മേഖല സഞ്ചാരികള്‍ ബഹിഷ്കരിക്കണമെന്നും അവര്‍ പറഞ്ഞു. 

2019 ജൂലൈ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം.  ജൂലൈയില്‍ സൈപ്രസിലെത്തിയ പെണ്‍കുട്ടിയുടെ മുറിയിലേക്ക് അപ്രതീക്ഷിതമായി 12 അംഗ ഇസ്രയേൽ സംഘം കടന്നു കയറി ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. സൈപ്രസിലെത്തിയ പെണ്‍കുട്ടി ഇസ്രയേലി സംഘത്തിലെ ഒരു ആൺകുട്ടിയോട് സൗഹൃദത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് ദിവസങ്ങൾക്കിടെ ഇവർ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഒരു പാർട്ടിക്ക് ശേഷം ഇവർ ഒരു മുറിയിലായിരുന്നപ്പോൾ മറ്റ് 11 പേർ കൂടി ഇവിടേക്ക് കടന്നുവരികയായിരുന്നു. പ്രതീക്ഷിക്കാതെ കയറി വന്ന സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചെന്നും സംഘത്തിലുള്ള ചിലര്‍ ഈ ദൃശ്യങ്ങള്‍ എടുത്തുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പുലര്‍ച്ചയോടെ സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി റൂമിന് വെളിയില്‍ എത്തിയതോടെ റിസോര്‍ട്ട് ജീവനക്കാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 

'അവർ 12 പേരുണ്ടായിരുന്നു,' നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് 19കാരി പറഞ്ഞതിങ്ങനെ

15 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഇസ്രയേല്‍ സ്വദേശികളെയായിരുന്നു സംഭവത്തില്‍ സൈപ്രസ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ പെൺകുട്ടിയുടെ വാദങ്ങൾ കളവാണെന്നായിരുന്നു പ്രതികളുടെ വാദം. ഇവരുമായി പരസ്‌പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് അറസ്റ്റിലായവരില്‍ ചിലരുടെ മൊഴി. പെണ്‍കുട്ടിയുടെ പരാതി പുറത്ത് വന്നതോടെ ലണ്ടന്‍, സൈപ്രസ്, ഈജിപ്ത് രാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ഇതോടെ സംഭവം രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേസ് നടക്കുന്നതിനിടെ അഭിഭാഷകരോ ദ്വിഭാഷിയോ ഇല്ലാതിരുന്ന സമയത്ത് സൈപ്രസ് പൊലീസ് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് കേസ് വഴി തിരിച്ചെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ അഭിഭാഷകരും പറയുന്നത്. കോടതി വിധിയ്ക്കെതിരായി സൈപ്രസില്‍ പ്രതിഷേധം ശക്തമാണ്. 

click me!