സൈപ്രസ്:  അപ്രതീക്ഷിതമായി മുറിയിലേക്ക് ഒരു സംഘം കയറിവരുന്നു. അവരുടെ മുന്നിൽ യാചനയോടെ നിന്നിട്ടും ആക്രമിക്കപ്പെട്ടപ്പോഴുള്ള നിസ്സഹായവസ്ഥയിലായിരുന്നു ആ 19കാരി. ലോകത്തെ ഗ്രീസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കൗമാരക്കാരി അപ്രതീക്ഷിതമായി 12 അംഗ ഇസ്രയേൽ സംഘത്തിന്റെ കൂട്ടബലാത്സംഗത്തിന്റെ കഥ പറഞ്ഞപ്പോൾ നടുങ്ങിയത് പൊലീസും മൂന്ന് രാജ്യങ്ങളുമാണ്.

ബ്രിട്ടൻ സ്വദേശിയായ 19കാരിയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരുടെ പരാതിയെ തുടർന്ന് ഇസ്രയേലിൽ നിന്നുള്ള 12 ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈപ്രസിലെ ഐയ നാപ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോർട്ടിൽ വച്ചാണ് സംഭവം നടന്നത്.

ബുധനാഴ്ചയാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പെൺകുട്ടി പ്രാദേശിക പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്. അന്ന് തന്നെ പ്രതികളായ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

അറസ്റ്റിലായവർക്ക് 16 ഉം 17 വയസ് മാത്രമാണ് ഉള്ളത്. ഇവരിലൊരാൾ 15 കാരനാണ്. സംഘത്തിലെ നാല് പേർ പെൺകുട്ടിയുമായി ലൈംഗിക വേഴ്ച നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. കൗമാരക്കാരിയെ പീഡിപ്പിക്കുന്നത് തങ്ങളുടെ ഫോണുകളിൽ പ്രതികളിൽ ചിലർ ചിത്രീകരിച്ചതായും ആരോപണമുണ്ട്. 

ഇസ്രയേലി സംഘത്തിലെ ഒരു ആൺകുട്ടിയോട് 19കാരി സൗഹൃദത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് ദിവസങ്ങൾക്കിടെ ഇവർ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. കൂട്ട ബലാത്സംഗം നടക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്.

ചൊവ്വാഴ്ച രാത്രി ഒരു പാർട്ടിക്ക് ശേഷം ഇവർ ഒരു മുറിയിലായിരുന്നപ്പോൾ മറ്റ് 11 പേർ കൂടി ഇവിടേക്ക് കടന്നുവരികയായിരുന്നു. "താൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് അവർ കയറിവന്നത്. മുറിയിൽ നിന്ന് പോകണം എന്ന് യാചിച്ചിട്ടും ആരും പോയില്ല," പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചിലർ 19കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവർ ഇത് മൊബൈലിൽ പകർത്തി. പുലർച്ചെ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. ഇത് കണ്ട ഹോട്ടൽ ജീവനക്കാരായ ചിലരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇസ്രയേൽ സംഘത്തിന് മർദ്ദനമേറ്റതായും റിപ്പോർട്ടുണ്ട്.

എന്നാൽ പെൺകുട്ടിയുടെ വാദങ്ങൾ കളവാണെന്നാണ് പ്രതികളുടെ വാദം. ഇവരുമായി പരസ്‌പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് മൂന്ന് പേർ മൊഴി നൽകിയിരിക്കുന്നത്.