വീടിനകത്ത് സിസിടിവി വച്ച് നിരീക്ഷണം, കർശന നിയന്ത്രണം, അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ

Published : Sep 10, 2026, 01:20 PM IST
kanpur father in law murder

Synopsis

ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് ഗൂഢാലോചന കണ്ടെത്തുകയും മരുമകൾ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടുകയും ചെയ്തു

കാൻപൂർ: അമ്മായി അച്ഛന്റെ സംസ്കാര ചടങ്ങിൽ വിങ്ങിപ്പൊട്ടി മരുമകൾ കൊലപാതക കേസിൽ പിടിയിലായി. ഉത്തർ പ്രദേശിലെ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിലാണ് മരുമകൾ പിടിയിലായത്. ശനിയാഴ്ചയാണ് കാൺപൂരിലെ കല്യാൺപൂർ പ്രദേശത്തുള്ള ഇന്ദിരാ നഗറിലെ ഫ്ലാറ്റിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ ഫാർമ വ്യാപാരിയായ വിനീത് മിനോച്ചയെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കവർച്ചാ ശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന് സംശയിച്ചിരുന്നെങ്കിലും, വീട്ടിൽ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാത്തത് സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുടെ മരുമകൾ ഷാലു പണം നൽകി ആളെയേറ്റ് നടത്തിച്ച ആസൂത്രിത കൊലപാതകമാണിതെന്ന് വ്യക്തമായത്.

വിനീത് മിനോച്ച വീട്ടിൽ നിരന്തരം ഏർപ്പെടുത്തിയിരുന്ന കർശനമായ നിയന്ത്രണങ്ങളും സ്വാതന്ത്ര്യമില്ലായ്മയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മരുമകൾ മൊഴി നൽകിയിട്ടുള്ളത്. ഡ്രോയിംഗ് റൂമിലും വീടിന്റെ വിവിധ ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിനീത് മിനോച്ച മരുമകളുടെയും മകന്റെയും നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം കടുത്ത നിയന്ത്രണങ്ങൾ വച്ചിരുന്നതിനാൽ ശാലുവിന് ചെറിയ ആവശ്യങ്ങൾക്ക് പോലും പണത്തിനായി അമ്മായി അച്ഛനെ സമീപിക്കേണ്ടി വന്നിരുന്നു.

വീട്ടിൽ മുൻപ് ജോലിക്കാരനായിരുന്ന വിശാൽ ഗൗതം എന്നയാളെയും സഹായി രാജ് കിഷോറിനെയും ആറു ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് ശാലു കൊലപാതകത്തിനായി ചുമതലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ട് പിന്നാലെ രണ്ട് ലക്ഷം രൂപയും ബാക്കി തുക പിന്നീട് നൽകാനുമായിരുന്നു ധാരണ. വിനീത് മിനോച്ചയുടെ വീട്ടിൽ 13 വർഷത്തോളം ജോലി ചെയ്തിരുന്ന വിശാലിന്റെ പക്കൽ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് കൊലയാളികൾ വീടിനകത്ത് കയറിയത്. സംഭവ സമയത്ത് വിനീതിന്റെ മകനും മരുമകളും പേരക്കുട്ടിയും ഒരു പാർട്ടിയിൽ പങ്കെടുക്കാനായി പുറത്ത് പോയിരുന്നു. രാത്രി 9.30ഓടെയാണ് വിനീത് വീട്ടിൽ എത്തിയത്.

ആദ്യം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാക്കി മാറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ രാത്രി വീട്ടിൽ തിരിച്ചെത്തിയ വിനീത് മിനോച്ച അപ്രതീക്ഷിതമായി പ്രതികളെ കാണുകയും തിരിച്ചറിയുകയും ചെയ്തതോടെ, പ്രതികൾ അദ്ദേഹത്തെ കത്തിയുപയോഗിച്ച് ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ രണ്ട് പേർ സംശയാസ്പദമായ സാഹചര്യത്തിൽ ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടെത്തുകയും, ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുൻ ജീവനക്കാരനായ വിശാൽ ഗൗതമിലേക്ക് എത്തുകയുമായിരുന്നു. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ പരിക്കേറ്റ നിലയിൽ വിശാലിനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മരുമകൾ ശാലുവിന്റെ പങ്ക് വ്യക്തമായത്.

ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ശാലുവും വിശാലും തമ്മിൽ മാസങ്ങളായി മുന്നൂറിലധികം തവണ സംസാരിച്ചതായും നിരവധി വാട്സാപ്പ് സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവരും ഡിലീറ്റ് ചെയ്ത നാല്പതോളം സന്ദേശങ്ങൾ വീണ്ടെടുക്കാൻ പൊലീസ് സാങ്കേതിക പരിശോധന നടത്തുന്നുണ്ട്. കേസിൽ ശാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ