കുട്ടികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതിയിലാണ് മദ്രസ അധ്യാപകൻ പിടിയിലായത്. സമാനമായ മറ്റൊരു സംഭവം അടുത്തിടെ കന്യാകുളങ്ങരയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെയും അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി.
വീട്ടിലെത്തിയ കുട്ടികൾ സംഭവം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും വലിയതുറ പൊലീസ് അറിയിച്ചു.
കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
