തട്ടിപ്പിന്‍റെ ഓണ്‍ലൈൻ വല; സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ഹണിട്രാപ്പ് സൂക്ഷിക്കുക

By Web TeamFirst Published Oct 5, 2020, 12:05 AM IST
Highlights

കോഴിക്കോട് സ്വദേശിയായ 50 വയസുകാരന് ഒരു ദിവസം ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി. 23 വയസുകാരിയായ മുംബൈ സ്വദേശി അങ്കിത ശര്‍മ്മ. സൗഹൃദം മെസഞ്ചര്‍ വഴിയുള്ള ചാറ്റിലേക്ക്. 

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ഹണിട്രാപ്പായി മാറുമ്പോള്‍ പലരും എത്തുന്നത് ബ്ലാക്ക് മെയില്‍ മുനമ്പില്‍. മാന്യത നഷ്ടപ്പെടുമെന്ന് ഭയന്ന് ഇത്തരം പരാതികളില്‍ ഭൂരിപക്ഷവും പൊലീസിന് മുമ്പാകെ എത്തുന്നില്ല.

കോഴിക്കോട് സ്വദേശിയായ 50 വയസുകാരന് ഒരു ദിവസം ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി. 23 വയസുകാരിയായ മുംബൈ സ്വദേശി അങ്കിത ശര്‍മ്മ. സൗഹൃദം മെസഞ്ചര്‍ വഴിയുള്ള ചാറ്റിലേക്ക്. പിന്നെ മൊബൈല്‍ നമ്പര്‍ കൈമാറി. വാട്സ്ആപ്പ് വഴിയായി ചാറ്റ്. പിന്നാലെയെത്തിയ വീഡിയോകോള്‍ കുരുക്കായി.

കുടുംബത്തിലെ അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വീഡിയോ അയച്ച് നല്‍കുമെന്ന് ഭീഷണി. അല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണം. പക്ഷേ ഇദ്ദേഹം ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്തു. മൊബൈല്‍ നമ്പര്‍ മാറ്റി. പണം നല്‍കിയുമില്ല.

"

ഓണ്‍ലൈന്‍ പെണ്‍കെണിയില്‍ വീഴ്ത്തുന്ന സംഘമാണ് പിന്നില്‍. ബ്ലാക്മെയില്‍ ചെയ്താല്‍ പണം ലഭിക്കുമെന്ന് ഉറപ്പുള്ളവരെ കണ്ടെത്തിയാണ് കെണിയില്‍ വീഴ്ത്തുന്നത്. ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പഠിച്ചാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം.

അങ്കിത ശര്‍മ്മ എന്ന ഫെയ്സ്ബുക്ക് ഐഡി തന്നെ വ്യാജം. ഒരിക്കലും ഫോണ്‍ സംസാരമുണ്ടാകില്ല. ചാറ്റിംഗ് മാത്രം. റെക്കോര്‍ഡ് ചെയ്ത നഗ്നതാപ്രദര്‍ശന വീഡിയോകള്‍ പ്ലേ ചെയ്താണ് കെണിയില്‍ വീഴ്ത്തുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് ഇത്തരം പെണ്‍കെണിയില്‍ നഷ്ടമായത് ലക്ഷങ്ങള്‍.

പെണ്‍കെണിയില്‍ വീണ് ഒരിക്കല്‍ പണം നല്‍കിയാല്‍ സംഘം വീണ്ടും സമീപിക്കും. ഒന്നല്ല പല തവണ പണം നല്‍കേണ്ടി വരും. സമൂഹമാധ്യമങ്ങളോടുള്ള മലയാളിയുടെ ഭ്രമം കണ്ടറിഞ്ഞ് ചില ഉത്തരേന്ത്യന്‍ സംഘങ്ങള്‍ കൃത്യമായി ചൂഷണം ചെയ്യുന്നു എന്നര്‍ത്ഥം.

click me!