പൊലീസ് ചമഞ്ഞ് സ്വർണ്ണം കവരുന്ന സംഘത്തെ ചെയ്‌‌സ് ചെയ്ത് പിടിച്ച് പൊലീസ്

By Web TeamFirst Published Jan 31, 2023, 8:05 PM IST
Highlights

തൃശൂരിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന് എറണാകുളത്തേക്ക് എത്തുമ്പോഴാണ് സംഘം പിടിയിലായത്. വിവിധ പൊലീസ് സംഘങ്ങൾ കിലോ മീറ്ററുകളോളം പിന്തുടർന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്.

കൊച്ചി: പൊലീസ് ചമഞ്ഞ് സ്വർണ്ണം കവരുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം എറണാകുളത്ത് പിടിയിൽ. തൃശൂരിൽ നിന്നും എത്തിയ സംഘത്തെ കിലോമീറ്ററുകളോളം ദൂരം പിന്തുടർന്നാണ് എറണാകുളം സിറ്റി പൊലീസ് സംഘം പിടികൂടിയത്. കർണ്ണാടക സ്വദേശികളാണ് പിടിയിലായത്. ഒരാൾ രക്ഷപ്പെട്ടു.

സിനിമാ സ്റ്റൈൽ ചേസിംഗാണ് ഇന്ന് വൈകുന്നേരം കൊച്ചി നഗരത്തിൽ അരങ്ങേറിയത്. തൃശൂരിൽ നിന്ന് മാല കവർന്ന് ഒരു ബൈക്കിലും കാറിലുമായി ഒരു സംഘം തിരിച്ചിട്ടുണ്ടെന്ന് വിവരം നാല് മണിക്ക് ശേഷമാണ് കൊച്ചി പൊലീസിന് കിട്ടുന്നത്. കൊച്ചി സൗത്ത് എസിപി രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം നാലരയോടെ ചേരാനല്ലൂർ മുതൽ പനങ്ങാട് വരെ പൊലീസ് വിന്യാസം ശക്തമാക്കി. തൃശൂരിൽ കളമശേരി പിന്നിട്ട് കണ്ടെയ്നർ റോഡിലൂടെ മുളവുകാട് ടോൾ പ്ലാസ ലക്ഷ്യമായി എത്തിയ കാറിനെ തടയാൻ കണ്ടെയ്നർ ട്രക്ക് അടക്കം കുറുകെയിട്ടെങ്കിലും വാഹനം സാഹസികമായി തിരിച്ച് വന്ന വഴിയെ ചേരാനല്ലൂർ ഭാഗത്തേക്ക് വേഗത്തിൽ പാഞ്ഞു. കോതാട് എത്തിയതോടെ നിയന്ത്രണം വിട്ടു. പാതയോരത്ത് ഇടിച്ചുകയറി.വാഹത്തിലുണ്ടായിരുന്ന നാല് പേർ ഇറങ്ങിയോടിയെങ്കിലും പൊലീസ് വളഞ്ഞിട്ട് പിടികൂടി. ബൈക്കിൽ എത്തിയയാളെ പിടികൂടാനായില്ല.

പിടിയിലായ നാല് പേരും കർണ്ണാടക സ്വദേശികളാണ്. ബിദർ ജില്ലയിൽ നിന്നുള്ള അസദുള്ള, മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബൈക്കിൽ കറങ്ങിയാണ് മാല മോഷ്ടിക്കുന്നത്. പെട്ടെന്ന് കുറിച്ചെടുക്കാൻ കഴിയാത്ത നമ്പർ പ്ലേറ്റാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. കൃത്യത്തിന് ശേഷം ഉടൻ വസ്ത്രം മാറി കവർച്ച നടത്തിയ സംഘം കാറിലേക്ക് മാറും.ഉടൻ ജില്ല വിടും. തൃശൂരിന് പുറമെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുണ്ട്. എറണാകുളത്ത് പൊലീസ് വേഷത്തിലായിരുന്നു കവർച്ച. സ്വർണ്ണവും പണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. രക്ഷപ്പെട്ടയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
 

അതേസമയം, കോഴിക്കോട് നഗരത്തിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ നാല് പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയിൽ അർഫാൻ, ചക്കും കടവ് സ്വദേശി അജ്മൽ ബിലാൽ, അരക്കിണർ സ്വദേശി റഹീഷ് (30), മാത്തോട്ടം സ്വദേശി  റോഷൻ അലി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി അരലക്ഷം രൂപയോളമാണ് നാലംഗ സംഘം കവർന്നത്. രാസലഹരിയായ എംഎഡിഎംഎക്ക് പണം കണ്ടെത്താനാണ്  കവർച്ച നടത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. 

click me!