ഗൗരി ലങ്കേഷ് വധം: പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍

By Web TeamFirst Published Jan 10, 2020, 1:19 PM IST
Highlights

ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയും കൊലപാതകികളെ ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയതും ഇയാളാണ്.

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരുപ്രതികൂടി അറസ്റ്റില്‍. റിഷികേശ് ദേവ്ദികര്‍(മുരളി-44) എന്നയാളെയാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍. ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയും കൊലപാതകികളെ ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയതും ഇയാളാണ്.  

വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍വെച്ച് കൊല്ലപ്പെടുന്നത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സംഭവത്തില്‍ 19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 18 പേര്‍ അറസ്റ്റിലായി. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും ഇവരായിരുന്നു പ്രവര്‍ത്തിച്ചത്. 
 

click me!