
കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ ഒന്നാം പ്രതി പിടിയിയിൽ. കണ്ണൂർ ശങ്കരനല്ലൂർ സ്വദേശി ഹാരിസ് ആണ് ആലുവ പൊലീസ് പിടിയിലായത്. കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് ആലുവ സ്വദേശി സഞ്ജയുടെ വീട്ടിൽ നിന്ന് പ്രതികൾ 50 പവനോളം സ്വർണവും 1,80,000 രൂപയും കവർന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടിൽ പരിശോധന നടത്തിയാണ് സ്വർണവും പണവും കവര്‍ന്നത്. ഇവർ നൽകിയ മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‍ജയ് തന്നെ അറിഞ്ഞത്.
ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സംഘം മൊബൈൽ ഫോണിലെ തിരിച്ചറിൽ കാർഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.
നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam