ബേക്കലിൽ വൻ സ്പിരിറ്റ് വേട്ട; 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ

By Web TeamFirst Published Jun 17, 2021, 1:05 AM IST
Highlights

മുബാറക്ക്, ഇമ്രാൻ എന്നിവരെ അറസ്റ്റ് ചെയ്തു. 35 ലിറ്ററിന്‍റെ 60 കന്നാസുകളിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. 

കാസർകോട്: ബേക്കലിൽ വൻ സ്പിരിറ്റ് വേട്ട. മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് ബേക്കൽ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ബേക്കൽ പാലക്കുന്നിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് സ്പിരിറ്റ് പിടികൂടിയത്. മീൻവണ്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശികളായ 

മുബാറക്ക്, ഇമ്രാൻ എന്നിവരെ അറസ്റ്റ് ചെയ്തു. 35 ലിറ്ററിന്‍റെ 60 കന്നാസുകളിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. മംഗളുരുവിൽ നിന്നും കയറ്റിയ സ്പിരിറ്റ് കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്നായിരുന്നു കയറ്റി അയച്ചയാൾ പിടിയിലായ മുബാറക്കിനും ഇമ്രാനും കൊടുത്ത നിർദ്ദേശം. എന്നാൽ ഇരുവരും കണ്ണൂർ എത്തും മുമ്പ് ആരോ ഒറ്റിയിട്ടുണ്ടെന്നും അങ്ങോട്ട് പോകേണ്ടെന്നും ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് കണ്ണൂരിൽ നിന്ന് സ്പിരിറ്റുമായി മടങ്ങുമ്പോഴാണ് പാലക്കുന്നിൽ വച്ച് വണ്ടി തടഞ്ഞ് നിർത്തി ബേക്കൽ പൊലീസ് പിടികൂടിയത്.

മീൻ വിൽക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളതിനാൽ മീൻ വണ്ടികൾ അധികവും അതിർത്തിയിലോ മറ്റ് കേന്ദ്രങ്ങളിലോ പരിശോധിക്കുന്നത് കുറവാണ്. ഇത് മുതലെടുത്താണ് സംഘം സിപിരിറ്റ് കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ ഇതിനുമുമ്പും സിപിരിറ്റ് കടത്തിയിട്ടുണ്ട്. മംഗളുരുവിൽ നിന്ന് സ്പിരിറ്റ് കയറ്റിവിട്ട ആളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

click me!