
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വിദ്യാർത്ഥിനിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലീസ്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാക്കനാട് ഇൻഫോ പാർക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാർമസി കോഴ്സ് വിദ്യാർത്ഥിനി നൂർജഹാന് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയർ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടർന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം.
കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും കുത്തേറ്റിട്ടുണ്ട്. രക്ഷിക്കാൻ നോക്കിയ നാട്ടുകാരെയും അമൽ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാർ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ എത്തിച്ച നൂർജഹാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസവും അമൽ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി നൂർജഹാൻ വീട്ടുകാരോട് പറഞ്ഞിരുന്നു.
Also Read: കാമുകിയുടെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam