
കുമളി : എടിഎമ്മില്‍ (ATM) നിന്നും തുക പിൻവലിക്കാൻ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി. കണ്ണൂർ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഇടുക്കിയിലെ ഏലപ്പാറ കേന്ദ്രീകരിച്ചാണ് ഷിജുരാജ് തട്ടിപ്പു നടത്തിയിരുന്നത്. പട്ടണത്തിലെ എടിഎമ്മിനു മുന്നിൽ കാത്തു നിൽക്കുന്ന ഇയാൾ പണം പിൻവലിക്കാൻ അറിയാത്ത പ്രായമായവരെ സഹായിക്കാനായി എത്തും. പണം എടുത്ത് നൽകിയ ശേഷം ഇവരുടെ എടിഎം കാർഡ് കൈക്കലാക്കും.
തുടർന്ന് കയ്യിൽ കരുതിയിരിക്കുന്ന മറ്റൊരു കാർഡ് തിരികെ നൽകും. ഈ എടിഎം കാർഡുപയാഗിച്ച് അക്കൊണ്ടിലുള്ള പണം തട്ടിയെടുക്കകയാണ് ചെയ്യുന്നത്. അടുത്ത തവണ പണം പിൻവലിക്കാൻ എത്തുമ്പോഴായിരിക്കും കാർഡുടമ പണം നഷ്ടപ്പെട്ട കാര്യം അറിയുക. മുപ്പതോളം പേരുടെ പണം ഇതിനകം ഷിജുരാജ് തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ അക്കൌണ്ടിൽ നിന്നും 2000 മുതൽ 83,000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട എലപ്പാറ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
വിനോദ സഞ്ചാരത്തിനാനും ആർഭാട ജീവിതത്തിനുമാണ് ഇയാൾ പണം ചെലവാക്കിയിരുന്നത്. ഷിജുരാജ് അറസ്റ്റിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി പീരുമേട് പോലീസിനെ സമീപിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam