ചേലൂർ മനയുടെ മണിച്ചിത്രത്താഴ് പൊളിച്ച് മോഷണം; കൊൽക്കത്ത സ്വദേശി പിടിയിലാവുന്നത് സാധനങ്ങൾ കടത്തുന്നതിനിടെ

By Web TeamFirst Published Jun 4, 2023, 8:57 AM IST
Highlights

മമ്മൂട്ടി ചിത്രമായ വല്യേട്ടൻ അടക്കം നിരവധി സിനിമകൾ ഷൂട്ട് ചെയ്ത തൃശൂരിലെ പ്രശസ്തമായ ചേലൂർ മനയുടെ മണിച്ചിത്രത്താഴ് തകർത്തായിരുന്നു മോഷണം

അന്തിക്കാട്: നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം.  മമ്മൂട്ടി ചിത്രമായ വല്യേട്ടൻ അടക്കം നിരവധി സിനിമകൾ ഷൂട്ട് ചെയ്ത തൃശൂരിലെ പ്രശസ്തമായ ചേലൂർ മനയുടെ മണിച്ചിത്രത്താഴ് തകർത്തായിരുന്നു മോഷണം നടത്തിയ കൊൽക്കത്ത സ്വദേശിയെ പൊലീസ് പിടികൂടി. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ട്,  പിച്ചള പാത്രങ്ങൾ ചാക്കുകളിൽ നിറച്ച് കടത്തും വഴിയാണ് ഇയാളെ അന്തിക്കാട് പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് കൊൽക്കത്ത സ്വദേശി ഷഹാബുദീൻ ചേലൂർ മനയിൽ മോഷണത്തിന് എത്തിയത്. വാടാനപ്പള്ളിയിലെ നടുവിൽക്കരയിലാണ് ഇയാൾ താമസിക്കുന്നത്. മനയുടെ മുൻവാതിലിലെ മണിച്ചിത്രത്താഴ് പൂട്ട് തകർത്താണ് പ്രതി അകത്തു കടക്കുന്നത്. ചേലൂർ മനയിൽ നാല് പതിറ്റാണ്ടിലധികമായി ആള്‍ താമസമില്ല. മേല്‍നോട്ടക്കാര്‍ മനയില്‍ വല്ലപ്പോഴും വന്നുപോവുകയാണ് പതിവ്. അകത്തു കടന്ന പ്രതി പല മുറികളിലായി കൂട്ടിയിട്ടിരുന്ന സാധനങ്ങൾ ചാക്കിലാക്കി പുറത്തു കടത്താനാണ് ശ്രമിച്ചത്. 

രണ്ടു ചാക്കിൽ നിറയെ സാധനങ്ങൾ നിറച്ചു. ഒരു ചാക്ക് മനയുടെ ഗെയ്റ്റിനരികത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. മറ്റേ ചാക്കുമായി ഇയാൾ പടികടന്ന് പോകുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് ഇയാളെ അധികം ദൂരം പിന്നിടുന്നതിനു മുൻപേ പിടികൂടുകയായിരുന്നു. ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ സ്ഥലത്തെത്തിച്ച പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!