
ബെംഗളൂരു: ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്‍റെ ലാപ്ടോപ്പും പണവും തട്ടിപ്പ് സംഘം കവര്‍ന്നതായി പരാതി. ജോലികഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ കബളിപ്പിച്ചാണ് രണ്ടംഗ സംഘം ബാഗുമായി കടന്നുകളഞ്ഞ്. ബെലന്ദൂർ സ്വദേശിയായ ഇക്ബാൽ (40) ആണ് പൊലീസില്‍ പരാതി നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിൽ രാത്രി ഒൻപതരയോടെ സർജാപൂരിനു സമീപമുള്ള സർവ്വീസ് റോഡിലെത്തിയപ്പോൾ മറ്റൊരു ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ പിന്നിലെ ബാഗ് തുറന്നുകിടക്കുന്നതായും ലാപ് ടോപ് താഴെ വീഴുമെന്നുമറിയിക്കുകയായിരുന്നു. ഉടനെ ബാഗ് പരിശോധിക്കുന്നതിനായി വാഹനം നിർത്തിയെങ്കിലും ആ തക്കത്തിന് അവർ ബൈക്കിനൊപ്പം തന്നെ റോഡിലേയ്ക്ക് തള്ളി ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് ഇക്ബാൽ പറയുന്നു. വീഴ്ച്യുടെ ആഘാതത്തിൽ കൈയിൽ മുറിവേൽക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആഘാതത്തിൽ അവരെ പിന്തുടരാനായില്ല. നഷ്ടപ്പെട്ട ബാഗിൽ കമ്പനി ലാപ്ടോപ്പും കുറച്ചു പണവും ചില രേഖകളും ഉണ്ടായിരുന്നതായും ഇക്ബാൽ പറഞ്ഞു. നഗരത്തിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ക്വാളിറ്റി മാനേജർ ആണ് ഇക്ബാൽ. ഇക്ബാലിന്റെ പരാതിയിൽ ബെലന്ദൂർ പൊലീസ് കേസെടുത്തു.
Read More: സ്ത്രീ വേഷത്തിലെത്തി മോഷണം, കമ്പം മാലകളോട്; പ്രതി പിടിയില്‍
യാത്രക്കാരുൾപ്പെടെയുള്ളവരെ കബളിപ്പിച്ച് ബാഗുമായി കടന്നുകളയുന്ന തട്ടിപ്പ് സംഘങ്ങൾ അടുത്തിടെ നഗരത്തിൽ സജീവമാണെന്നും ബാങ്കിൽ നിന്നോ എടിഎമ്മുകളിൽ നിന്നോ പണം പിൻവലിച്ച് പുറത്തിറങ്ങുന്നവരെയും വൻകിട കമ്പനി ഉദ്യോഗസ്ഥരെയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam