മാവേലിക്കര: സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ച് സ്വർണം കവരുന്നയാൾ മാവേലിക്കരയിൽ പിടിയിൽ. വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയായ പത്തിയൂർ സ്വദേശി നിധിൻ വിക്രമനാണ് അറസ്റ്റിലായത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതിയായ നിധിനെതിരെ ഇരുപതിലധികം കേസുകൾ ഉള്ളത്.

എല്ലാം സമാന സ്വഭാവമുള്ള കേസുകളാണ്. സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തിയോ, സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സമയത്തോ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പെയിന്‍റിംഗ് ജോലിക്കാരനായ നിധിൻ ഇതിനായി വീടുകൾ കണ്ടുവെക്കും. രാത്രിയോടെ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കുന്ന പ്രതി സ്ത്രീകൾ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയും.

സ്ത്രീകൾ ബഹളം വെച്ചാൽ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. പരിചയക്കാരുടെ വീടുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. അവിടങ്ങളിലെത്തുമ്പോൾ സ്ത്രീ വേഷത്തിലോ മുഖം മറച്ചോ ആവും എത്തുക. മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

നേരത്തെ എറണാകുളത്ത് വെച്ച് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മോഷ്ടിക്കുന്ന സ്വർണ്ണം കായംകുളത്തെ സ്വ‍ർണ്ണക്കടകളിലാണ് വിറ്റിരുന്നത്. ഇതിൽ 25 പവനോളം സ്വർണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങും.