
കൊച്ചി: കൊച്ചിയില്‍ നിയമ വിദ്യാർത്ഥികൾ എംഡിഎംഎ യുമായി പിടിയിൽ. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസിൽ സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14.90 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി.
ഇവർ മൂന്നുപേരും നിയമ വിദ്യാർത്ഥികളാണ് എന്ന് പൊലീസ് വിശദമാക്കി. ഇന്റേൺഷിപ്പിന്റെ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയതാണ് ഇവര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ്ബ് ഇന്‍സ്പെക്ടർ ആഷിഖ്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുനില്‍, വിബിന്‍, പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫിസർ ജയ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിൽ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിലായത്. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ് എന്നിവരാണ് പിടിയിൽ ആയത്. ബംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. സമാനമായ മറ്റൊരു സംഭവത്തില്‍ മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിലായത് ഇന്നലെയാണ്. മണ്ണാംമൂല സ്വദേശി കാർത്തികാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തിക്കെന്നും ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ ഇരകളാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam