Gold theft : ഒരാഴ്ച നിരീക്ഷണം, കള്ള സ്വർണമെന്ന് കണക്കുകൂട്ടൽ, മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണക്കവർച്ച, അറസ്റ്റ്

By Web TeamFirst Published Dec 22, 2021, 10:07 PM IST
Highlights

സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45), കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിജു (31) എന്നിവരാണ് പിടിയിലായത്.

പാണ്ടിക്കാട്: സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45), കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിജു (31) എന്നിവരാണ് പിടിയിലായത്.

ഈ കഴിഞ്ഞ 14-നാണ് പാണ്ടിക്കാട് ടൗണിൽ സ്വർണ്ണാഭരണ ശുദ്ധീകരണ കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കിഷോറിന്റെ 400 ഗ്രാമിനടുത്ത് തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾമോഷ്ടിക്കപ്പെട്ടത്.  ടൗണിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്ന വഴി സാധനങ്ങൾ വാങ്ങാനായി നിർത്തിയ സമയം കടയുടെ മുൻപിൽ നിർത്തിയിട്ട ബൈക്കിൽ നിന്നും സ്വർണം കവർച്ച നടത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

പോരൂർ വീതനശ്ശേരി സ്വദേശിയും പാണ്ടിക്കാട് ടൗണിൽ സ്വർണ്ണപ്പണി നടത്തുന്നയാളുമായ പടിഞ്ഞാറയിൽ ജയപ്രകാശ് (43) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രധാന പ്രതികളെ ഇന്നാണ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് ടൗണിൽ പരാതിക്കാരന്റെ കടയുടെ സമീപത്ത് കട നടത്തിയിരുന്നയാളും അടുത്ത പരിചയക്കാരനുമായ ജയപ്രകാശ്, ഭാര്യാ സഹോദൻ പ്രജിത്ത്, സുഹൃത്ത് ശിഹാബ് എന്നിവർ ഒരാഴ്ചയോളം കൃത്യമായി ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. 

കിഷോർ കടയടച്ചുവരുന്ന സമയം ബൈക്കിൽ പിന്തുടർന്ന് പോയാണ് മോഷണം നടത്തിയത്. കള്ള സ്വർണ്ണമാണെന്നും പോലീസിൽ പരാതി കൊടുക്കാൻ സാധ്യതയില്ലെന്നും കിഷോറിന്റെ പരിചയക്കാരനും മുഖ്യസൂത്രധാരനുമായ ജയപ്രകാശ് മറ്റ് പ്രതികളോട് പറഞ്ഞിരുന്നു. പൊലീസിനെ തെറ്റിധരിപ്പിക്കാനായി സംഭവശേഷം പെരിന്തൽമണ്ണ ഭാഗത്തേക്കാണ് പ്രതികൾ പോയത്. അന്വേഷണ സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഫലമായാണ് സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പ്രതികളെയും മോഷണ മുതൽ സഹിതം പികൂടാനായതെന്ന് പൊലീസ് പറഞ്ഞു.

സിഐ കെ റഫീഖ്, എസ് ഐ അരവിന്ദൻ, എസ് സി പി ഒ മാരായ മൻസൂർ, അശോകൻ, ശൈലേഷ്, വ്യതീഷ്, സി പി ഓ മാരായ ജയൻ, മിർഷാദ് കൊല്ലേരി, രജീഷ്, ദീപക്, ശമീർ, ശ്രീജിത്ത്, ഹക്കിം ചെറു കോട്, സന്ദീപ് ഷൈജു മോൻ, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, കെ ദിനേശ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

click me!