
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെയാണ് വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാെലപ്പെടുത്തിയെന്ന് കരുതുന്ന ഭർത്താവ് അന്തോണിദാസ് (രതീഷ്-36) ഒളിവിലാണെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ പ്രിൻസിയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് ഇവരുടെ ഒന്നര വയസുള്ള മകൾ ദിഹാന ഉറങ്ങുന്ന നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...
കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിൽ ആണ് പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെ എത്തി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം രാത്രി എട്ടോടെ സ്വന്തം വീട്ടിലേക്ക് ഭാര്യയെയും മക്കളെയും കൂട്ടികൊണ്ടു പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടു. ഒൻപത് മണിയാേടെ മക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ അന്തോണിദാസ് മക്കളോട് അമ്മ ഉറങ്ങി കിടക്കുകയാണെന്ന് പറഞ്ഞശേഷം ധൃതിയിൽ പുറത്തേക്ക് പോയി. വിയർത്തു നിൽക്കുന്നതെന്തെന്ന മക്കളുടെ ചോദ്യത്തിന് വ്യായാമം ചെയ്യുകയായിരുന്നെന്ന മറുപടിയും നൽകിയാണ് സ്ഥലം വിട്ടത്. കുട്ടികൾ വന്നു നോക്കുമ്പോൾ അമ്മയെ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകൾ ചുവന്ന അവസ്ഥയിലും കണ്ടു. ഇവർനിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികൾ പ്രിൻസിയെ ഓട്ടോയിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതരാണ് വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ചത്. വിഴിഞ്ഞം എസ്. എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. കഴുത്തിൽ കൈ കൊണ്ട് മുറുക്കിയതിന്റെയും മറ്റേതോ വസ്തുവും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന്റെയും പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം അറിയാൻ കഴിയുവെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam